ഗർഭകാലത്ത് ഹൈപ്പർ തൈറോയ്‌ഡിസം അഥവാ തൈറോയ്ഡ് ഹോർമോണുകളുടെ അളവിലധികമുള്ള ഉത്പാദനം, വളരെ അപൂർവമായേ കാണപ്പെടാറുള്ളൂ, ഇതിൽ തന്നെ അധികവും ഗ്രേവ്സ് രോഗമോ തൈറോയ്ഡ് മുഴ (ടോക്സിക് നോഡ്യൂൾ) മൂലമോ ആകാം. ഹൈപ്പോ തൈറോയ്‌ഡിസത്തിന്റെ പ്രശ്നങ്ങൾ എല്ലാം തന്നെ ഹൈപ്പർ തൈറോയ്‌ഡിസത്തിലും വരാവുന്നതാണ്.
കരുതൽ വേണം
തൈറോയ്ഡ് തകരാറുകൾ ഉള്ളവർ ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണം. തൈറോയ്‌ഡ് ഹോർമോണുകളുടെ അളവ് രക്തപരിശോധനയിലൂടെ നിർണയിക്കേണ്ടതാണ്. രോഗമുണ്ടെങ്കിൽ ചികിത്സിച്ച് മാറ്റിയശേഷം ഗർഭം ധരിക്കുന്നതാണ് ഉചിതം.
ഗർഭിണിയായാൽ ആദ്യത്തെ മൂന്നുമാസം പ്രത്യേക ശ്രദ്ധവേണം. ആദ്യ 12 ആഴ്ച , വളർച്ചയ്ക്കായി കുഞ്ഞ് ആശ്രയിക്കുന്നത് അമ്മയുടെ തൈറോയ്‌ഡ് ഹോർമോണിനെയാണ്. അതിനുശേഷമാണ് കുഞ്ഞിന്റെ തൈറോയ്ഡ് ഗ്രന്ഥി ഹോർമോൺ ഉത്പ്പാദിപ്പിച്ച് തുടങ്ങുക. ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിലും വളർച്ചയിലും സുപ്രധാനപങ്കുവഹിക്കുന്നവയാണ് ഈ ഹോർമോണുകൾ. ഇതുമൂലം അമ്മയ്ക്ക് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടെങ്കിൽ ഈ കാലയളവിൽ കുഞ്ഞിന് ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ കിട്ടാതെ വരും. അതിനാൽ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞാൽ എത്രയും വേഗം ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് രക്തപരിശോധന നടത്തുകയും തൈറോയ്ഡ് രോഗമുണ്ടെങ്കിൽ കൃത്യമായ ചികിത്സ നടത്തേണ്ടതുമാണ്.