പടിഞ്ഞാറേക്കല്ലട: പടിഞ്ഞാറേക്കല്ലട പഞ്ചായത്തിൽ കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടക്കുന്ന കടപുഴ കാരാളിമുക്ക് റോഡിലെ അനധികൃത കൈയേറ്റങ്ങളെ കുറിച്ച് ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയിൽ ജില്ലാ സർവേ സൂപ്രണ്ട് സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞദിവസം സ്ഥലപരിശോധന നടത്തി. സർവേ വിഭാഗം ജീവനക്കാരെ കൂടാതെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും പഞ്ചായത്ത് ജനപ്രതിനിധികളും കോവൂർ കുഞ്ഞുമോൻ എം.എൽ.എയും പങ്കെടുത്തു. പരിശോധനയിൽ സർവേ വിഭാഗം ജീവനക്കാർ റോഡ് അളന്നു തിട്ടപ്പെടുത്തി. റോഡിന്റെ ഭാഗങ്ങളിൽ കല്ലുകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി നിയമാനുസൃതമായ കല്ലുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ സർവേ സൂപ്രണ്ട് നിർദ്ദേശം നൽകി.