bulletgod

ബുള്ളറ്റിൽ കറങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്.എന്നാൽ ഈ ബുള്ളറ്റിനെ ദൈവമായി കണ്ട് ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയിൽ. രാജസ്ഥാനിലെ ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ മാറി ഛോട്ടില എന്ന സ്ഥലത്താണ് ഓം ബന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുള്ളറ്റ് ബാബ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. കിടിലനൊരു ബുള്ളറ്റാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനെ ബുള്ളറ്റ് ബാബ എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഛോട്ടില ഗ്രാമത്തലവന്റെ മകൻ ഓം സിംഗ് റാത്തോഡിന്റേതാണ് ഈ ബുള്ളറ്റ്. 1991ലെ അപകടത്തിൽ ഓം സിംഗ് മരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് ഇരിക്കുന്നതാണ് ഉദ്യോഗസ്ഥർക്ക് കാണാൻ സാധിച്ചത്. അവർ വീണ്ടും ഇത് സ്റ്റേഷനിൽ കൊണ്ടു വച്ചു. ഒപ്പം ആരും എടുത്തു കൊണ്ട് പോകാതിരിക്കാൻ പെട്രോളും കാലിയാക്കി. എന്നാൽ, പിറ്റേ ദിവസവും ബുള്ളറ്റ് അപകടസ്ഥലത്ത് എത്തി. അതോടെ, വാഹനം ഓം സിംഗിന്റെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പിന്നീട് ഈ ബുള്ളറ്റ് ഒരു ഗുജറാത്ത് സ്വദേശി വാങ്ങി. എന്നാൽ വീണ്ടും വാഹനം അപകടസ്ഥലത്ത് എത്തിയത്രേ. അതോടെ ആളുകൾ സിംഗിനെ ദൈവമായി കണ്ട് ആരാധിച്ചു തുടങ്ങി. പതുക്കെ ഇവിടം വലിയ തിരക്കുള്ള ആരാധനാലയമായി മാറി. നിരവധി കഥകളും പ്രചരിച്ചു തുടങ്ങി. അപകടംപറ്റിയാൽ ബാബ രക്ഷിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ബൈക്കിനു മുകളിലൂടെ ബിയർ ഒഴിച്ചു കൊടുക്കുന്നതാണ് വഴിപാട്. 'ബുള്ളറ്റ് ബിയർ' തന്നെ ആയാൽ വഴിപാടിന് കൂടുതൽ ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോൺ മുഴക്കിയില്ലെങ്കിൽ തിരികെ വീട്ടിൽ എത്തില്ലെന്നും ഗ്രാമവാസികൾ വിശ്വസിക്കുന്നു.