കൊല്ലം: കർമ്മം ചെയ്യണമെന്ന ഗുരുദർശനം ജീവിത വ്രതമായി സ്വീകരിച്ച വ്യക്തിയാണ് മുല്ലത്തറ ഭരതനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മനുഷ്യ സ്നേഹിയും ജീവകാരുണ്യ പ്രവർത്തകനുമായ മുല്ലത്തറ ഭരതന്റെ നവതി ആഘോഷം ഇരവിപുരം മുല്ലത്തറ വീട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇല്ലായ്‌മയിൽ നിന്ന് കഠിനാദ്ധ്വാനത്തിലൂടെയാണ് അദ്ദേഹം വളർന്നത്. വിദേശത്ത് പോയി സമ്പന്നനായി മാറിയിട്ടും വന്നവഴി മറന്നില്ല. തനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. നാടൊന്നാകെ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്. നവതി ആഘോഷത്തിൽ പങ്കെടുക്കാൻ നൂറു കണക്കിനുപേർ എത്തിയത് അതിന് തെളിവാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. നവതി ആഘോഷ കമ്മിറ്റി ചെയർമാൻ ഇരവിപുരം സജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ, മുൻ എം.എൽ.എമാരായ എ.എ. അസീസ്, പ്രതാപവർമ്മ തമ്പാൻ, എ. യൂനുസ്‌കുഞ്ഞ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ഫാഷൻ സുധാകരൻ പിള്ള, നഗരസഭാ കൗൺസിലർ സന്ധ്യാ ബൈജു, 477-ാം നമ്പർ ഇരവിപുരം ശാഖാ സെക്രട്ടറി എസ്. ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, പ്രമുഖ ഗാന്ധിയൻ ചാച്ചാ ശിവരാജൻ, കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആരാമം സുരേഷ്, അഡ്വ. രഘുവർമ്മ, ഇരവിപുരം ശാഖാ പ്രസിഡന്റ് വിജയരാജ്, വനിതാ സംഘം സെക്രട്ടറി തങ്കമണി തുടങ്ങിയവർ മുല്ലത്തറ ഭരതനെ ആദരിച്ചു. മുല്ലത്തറ ഭരതൻ മറുപടി പ്രസംഗം നടത്തി. നവതി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സുദർശൻ തെങ്ങിലഴികം സ്വാഗതവും ട്രഷറർ അഭിലാഷ് സൈബീരിയ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സ്നേഹസദ്യയിൽ യോഗം ജനറൽ സെക്രട്ടറി അടക്കം നൂറ് കണക്കിനുപേർ പങ്കെടുത്തു.