കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 57 ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കാതെ ഇനിയും 354.54 കോടി രൂപ. കഴിഞ്ഞ 10 മാസത്തിനിടെ വാർഷിക പദ്ധതിയുടെ 43.81 % മാത്രമാണ് ചെലവിട്ടത്.
622.11 കോടിയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ വാർഷിക പദ്ധതി. ഇതിൽ 272.57 കോടി മാത്രമാണ് ഇന്നലെവരെ ചെലവിട്ടത്. മുൻകാലങ്ങളിൽ സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ നിർമ്മാണ പ്രവൃത്തികൾ കൂട്ടത്തോടെ പൂർത്തിയാക്കുന്നതോടെ പദ്ധതി തുകയുടെ വലിയൊരു ഭാഗം ചെലവാകുമായിരുന്നു. നിർമ്മാണ പ്രവൃത്തികൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവിനും ഉയർന്ന വിലയ്ക്കുമൊപ്പം ട്രഷറി നിയന്ത്രണവും നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻവർഷങ്ങളിലെ തന്ത്രം ഇത്തവണ നടപ്പായേക്കില്ല. പൂർത്തിയായ പദ്ധതികളുടെ ബിൽ ട്രഷറിയിൽ നിന്നും മാറാത്തതിനാൽ അത് തദ്ദേശ സ്ഥാപനങ്ങളുടെ ചെലവിൽ പ്രതിഫലിച്ചിട്ടില്ല.
പദ്ധതി നിർവഹണം: ഏറ്റവും മുന്നിൽ
#ഏരൂർ ഗ്രാമ പഞ്ചായത്ത്
#ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
#കൊട്ടാരക്കര മുനിസിപ്പാലിറ്റി.
ഏറ്റവും പിന്നിൽ
# ജില്ലാ പഞ്ചായത്ത്
# ഇളമാട് ഗ്രാമപഞ്ചായത്ത്
# പത്തനാപുരം ബ്ളോക്ക് പഞ്ചായത്ത്
# പരവൂർ മുനിസിപ്പാലിറ്റി
ആകെ പദ്ധതി തുക: 622.11 കോടി
ഇന്നലെ വരെ ചെലവായത്: 272.57 കോടി (43.81 % )
ട്രഷറിയിൽ 84.38 കോടിയുടെ ബില്ല്
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട 84.38 കോടിയുടെ ബിൽ ട്രഷറികളിൽ മാറാതെ കെട്ടിക്കിടക്കുകയാണ്. കൊല്ലം കോർപ്പറേഷന്റെ 15.78 കോടിയുടെയും ജില്ലാ പഞ്ചായത്തിന്റെ 8.68 കോടിയുടെയും ബില്ലുകൾ മാറാനുണ്ട്. ബില്ലുകൾ മാറാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവൃത്തികളിൽ വലിയൊരു കരാറുകാർ ഏറ്റെടുത്തിട്ടുമില്ല.