c
പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സമർപ്പണവും പുന:പ്രതിഷ്‌ഠയും നാളെ

കൊല്ലം:പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ, ഉപദേവതാ കോവിലുകൾ എന്നിവയുടെ സമർപ്പണവും പുന:പ്രതിഷ്ഠയും നാളെ നടക്കുമെന്ന് പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ ജെ.വിമലകുമാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 5.30ന് മഹാഗണപതിഹോമം, ഗുരുപൂജ, അധിവാസം വിടർത്തൽ, കണികാണിക്കൽ. 8ന് ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 9.10 കഴികെ 9.40നകം സ്വാമി സൂക്ഷ്മാനന്ദയുടെ സാന്നിധ്യത്തിൽ ശിവഗിരി മഠത്തിലെ സനൽ തന്ത്രി പുന:പ്രതിഷ്‌ഠ നടത്തും.

എം.മുകേഷ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരി.

വാർത്താ സമ്മേളനത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എച്ച്.ദിലീപ് കുമാർ, 450-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.ചന്ദ്രബാലൻ, 3837-ാം നമ്പർ ശാഖാ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം, 3965 -ാം നമ്പർ ശാഖാ സെക്രട്ടറി സുന്ദരേശ പണിക്കർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പ്രകാശ് ബാബു, പൂജാ കമ്മിറ്റി ചെയർമാൻ പി.ശിവദാസൻ എന്നിവരും പങ്കെടുത്തു.

ക്ഷേത്രപ്രവേശന വിളംബരത്തിനുമുമ്പേ

ഈഴവർ ആരാധന നടത്തിയ ക്ഷേത്രം

ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തുന്നതിന് വർഷങ്ങൾക്ക് മുമ്പേ കൊല്ലം പട്ടത്താനത്തെ ഈഴവ കുടുംബങ്ങൾ ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 42 ഈഴവ കുടുംബങ്ങൾക്ക് ആരാധന നടത്താനായി സ്ഥാപിച്ച ക്ഷേത്രം, ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമാണ് എസ്.എൻ.ഡി.പി യോഗം പട്ടത്താനം ശാഖയുടെ നിയന്ത്രണത്തിലെത്തിയത്. 50 വർഷം മുൻപാണ് ഒടുവിൽ പുനരുദ്ധാരണം നടത്തിയത്. 2015 മാർച്ച് 22 ന് ഷഡാധാര പ്രതിഷ്‌ഠ നടത്തിയാണ് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിലേക്ക് നാട് ഉത്സവാരവങ്ങളോടെ കടന്നത്.

 മഹാക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലി

ക്ഷേത്രം പുനരുദ്ധരിക്കുന്നത് മഹാക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലിയിലാണ്. ഗണപതി, അയ്യപ്പൻ, വള്ളിദേവയാനി എന്നീ ഉപദേവാലയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം നടത്തിയത്. പരമ്പരാഗത ശൈലിയിൽ കൃഷ്‌ണശിലയും തടിയും ചെമ്പോലയുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്.ഇതുവരെ 3.75 കോടി രൂപ ചെലവായി. ശേഷിക്കുന്ന പ്രവർത്തനങ്ങൾ 75 ലക്ഷം രൂപ കൂടി വേണ്ടി വരും.

 സമാനതകളില്ലാത്ത ജനകീയ പങ്കാളിത്തം

മികച്ച സാമ്പത്തിക പിന്തുണയാണ് സമുദായ അംഗങ്ങളും പൊതുജനങ്ങളും ക്ഷേത്ര പുനരുദ്ധാരണത്തിന് നൽകിയത്. എസ്.എൻ.ഡി.പി യോഗം പട്ടത്താനം ശാഖയിലെയും പട്ടത്താനം ശാഖ വിഭജിച്ച് രൂപീകരിച്ച മറ്റ് മൂന്ന് ശാഖകളിലെയും കുടുംബങ്ങളിൽ കാർഡ് നൽകി മാസം തോറും പണം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ ജെ.വിമലകുമാരി, ചെയർമാൻ എച്ച്.ദിലീപ് കുമാർ, ഏഴ് സബ് കമ്മിറ്റികളുടെയും കൺവീനർ, ചെയർമാൻ, ജോയിന്റ് കൺവീനർ, മറ്ര് ഭാരവാഹികൾ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 ക്ഷേത്ര നിർമ്മാണത്തിന് വനിതാ നേതൃത്വം

വനിതാസംഘം കൊല്ലം യൂണിയൻ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ ജെ.വിമലകുമാരിയാണ് പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റിയുടെ ജനറൽ കൺവീനർ. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന മഹാക്ഷേത്ര നിർമ്മാണത്തിന് ഒരു വനിത നേതൃത്വം നൽകുന്നത് അപൂർവതയാണ്. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനും സമുദായ അംഗങ്ങളും നൽകിയ പിന്തുണയുടെ കരുത്തിലാണ് ഉത്തരവാദിത്വം ഏറ്റെടുക്കാൻ കോയിക്കൽ ഗവ.എച്ച്.എസ്.എസിലെ ആദ്യ പ്രിൻസിപ്പൽ കൂടിയായ വിമലകുമാരി തയ്യാറായത്.