ഗുരുദേവ ക്ഷേത്രസമുച്ചയവും ഗുരുദേവ പഞ്ചലോഹ വിഗ്രഹവും വെള്ളാപ്പള്ളി നടേശൻ സമർപ്പിക്കും
കൊല്ലം: ഇരവിപുരം ശരവണഭവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന് (ചൊവ്വ) ആക്കാവിള സതീക്ക് നിർമ്മിച്ച് നൽകിയ ഗുരുദേവ ക്ഷേത്ര സമുച്ചയവും ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാടിന് സമർപ്പിക്കും.
1008 കുടം സഹസ്രകലശം രാവിലെ 6ന് ആരംഭിക്കും.
പതിനൊന്നു മണിക്കുചേരുന്ന പൊതു സമ്മേളനത്തിന് ശേഷം ഗുരുദേവ ക്ഷേത്ര സമുച്ചയവും ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാടിന് സമർപ്പിക്കും. 12.25നും 1.10 നും മദ്ധ്യേ ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കും. ഈ വേളയിൽ മേൽശാന്തി ചേർത്തല സന്തോഷ് സ്വാമിയുടെ കാർമ്മികത്വത്തിൽ മൂന്ന് യുവതികളുടെ വിവാഹം നടക്കും. തുടർന്ന് അന്നദാനം.യുവതികൾക്ക് ഓരോ ലക്ഷം രൂപയും അഞ്ച് പവന്റെ സ്വർണാഭരണങ്ങളും ഡിവിഷൻ കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ ആക്കാവിള സതീക്ക് നേരത്തേ കൈമാറിയിരുന്നു.
രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തിന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കുമെന്ന് ആക്കാവിള സതീക്ക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
11ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ആക്കാവിള മുരാരി അദ്ധ്യക്ഷത വഹിക്കും.
പൊതുസമ്മേളനത്തിൽ മേയർ ഹണി ബെഞ്ചമിൻ, എം.നൗഷാദ് എം.എൽ.എ, മുൻ എം. പി പി.രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുൻ എം. എൽ. എ എ. യൂനുസ് കുഞ്ഞ്, മുൻ മേയർ വി. രാജേന്ദ്രബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, മുൻ എം. എൽ. എമാരായ എൻ. അനിരുദ്ധൻ, ബി. രാഘവൻ, കെ.പി. സി. സി. ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ, വരദരാജൻ, ജയമോഹൻ,എക്സ് ഏണസ്റ്റ്, തുളസീധര കുറുപ്പ്, പി. ആർ. വസന്തൻ, പ്രൊഫ. ഇ. മേരീദാസൻ, എ. കെ. ഹഫീസ്, ആക്കാവിള സതീക്ക്, അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്ര സെക്രട്ടറി വി.ജി. സന്തോഷ് കുമാർ സ്വാഗതവും പ്രസാദ് നന്ദിയും പറയും.
വൈകിട്ട് 6ന് ആലുംമൂട് ശിവക്ഷേത്രം മുതൽ ക്ഷേത്രസന്നിധി വരെ താലപ്പൊലി ഘോഷയാത്ര. പത്താം ഉത്സവ ദിനമായ ഫെബ്രുവരി എട്ടിന് ഉച്ചയ്‌ക്ക് 1ന് തല മുണ്ഡനം ചെയ്‌ത് കാവടി അഭിഷേകം, അഞ്ചിന് കെട്ടുകാഴ്‌ച, രാത്രി 10 മുതൽ ഗാനമേള എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വി.ജി.സന്തോഷ്, ക്ഷേത്ര കമ്മിറ്റിയംഗം രാജേഷ് എന്നിവരും പങ്കെടുത്തു.