ഒളിവിൽപോയ പ്രതികളായ ആർ. എസ്. എസുകാർ കോടതിയിൽ നേരിട്ട് എത്തിയേക്കും
കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയ കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിക്കും. ജാമ്യത്തിൽ കഴിയുന്ന പ്രതികൾ വിധി കേൾക്കാൻ എത്താതെ ഒളിവിൽ പോയിരുന്നു.ഇവരുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റുചെയ്യാൻ ഉത്തരവിട്ടിരുന്നു. കടവൂർ സ്വദേശികളും ആർ.എസ്.എസ് പ്രവർത്തകരുമായ വിനോദ് (42), ഗോപകുമാർ (36), സുബ്രഹ്മണ്യൻ (39), പ്രിയരാജ് (39), പ്രണവ് (29), അരുൺ (34), രജനീഷ് (31), ദിനരാജ് (31), ഷിജു (36) എന്നിവരെ കണ്ടെത്താൻ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടരുകയാണ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അഞ്ചാലുംമൂട് പൊലീസ് അന്വേഷണം തുടരുകയാണ്. ഒമ്പത് പ്രതികൾക്കും കൊലക്കുറ്റത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ വിധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. ഇന്ന് രാവിലെ കേസ് പരിഗണിക്കുന്ന സമയത്ത് പ്രതികൾ കോടതിയിൽ ഹാജരാകുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന. പക്ഷേ, പ്രതികൾ നേരിട്ട് കോടതിയിലെത്തുന്ന നാണക്കേട് ഒഴിവാക്കാൻ കുറ്റവാളികളെ പിടികൂടണമെന്ന നിലപാടിലാണ് പൊലീസ്. കോടതി പരിസരത്ത് കർശന നിരീക്ഷണവും കൂടുതൽ പൊലീസ് വിന്യാസവും ഏർപ്പെടുത്തും. കോടതിയിൽ ഹാജരാകാനായി കുറ്റവാളികൾ എത്തിയാൽ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.
ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ 2012 ഫെബ്രുവരി 7നാണ് രാജേഷ് എന്ന കടവൂർ ജയനെ (34) കടവൂർ ക്ഷേത്രത്തിന് സമീപം വച്ച് പ്രതികൾ വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്.
64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷൻ 23 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. ഇതിൽ ദൃക്‌സാക്ഷികളായ 5 പേർ നൽകിയ മൊഴി നിർണായകമായി. ദൃക്‌സാക്ഷികളിൽ ഒരാൾക്ക് ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര എന്നിവർ ഹാജരായി.