കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവക്ഷേത്രം പുലിത്തിട്ടയിൽ ഏഴ് ദിവസം നീണ്ട് നിൽക്കുന്ന കാപ്പ്കെട്ട് വ്രതാനുഷ്ഠാനത്തിന് ഇന്നലെ തുടക്കമായി. കാപ്പ് കെട്ട് വ്രതാനുഷ്ഠാനത്തിന്റെ ഉദ്ഘാടനം ആയിരങ്ങളെ സാക്ഷിയാക്കി പാലക്കാട് ഓങ്കാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീർത്ഥപാദർ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. തുടർന്ന് സ്വാമി അനുഗ്രഹ പ്രഭാഷണവും നടത്തി. ദേവീമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് ഭക്തർ ദേവിയുടെ മൂർത്തീ രൂപത്തെ ആവാഹിച്ച കാപ്പുകൾ കൈകളിൽ കെട്ടിയത്. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ്, സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കൽ, കൺവീനർ കളരിയ്ക്കൽ സലിംകുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഇന്നലെ രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ എത്തിയ സ്വാമി നിഗമാനന്ദ തീർത്ഥപാദറെ പൂർണകുംഭം നൽകിയാണ് ഭക്തർ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്.