kunnathur
ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി കല്ലടയാറിന്റെ തീരത്ത് നിർമ്മാണം പൂർത്തികരിച്ച കിണർ

നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

കുന്നത്തൂർ: ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ കുന്നത്തൂർ പഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുന്നത്തൂർ പഞ്ചായത്ത് അതിർത്തിയിൽ കല്ലടയാറിനോട് ചേർന്ന് ഞാങ്കടവ് പാലത്തിന് കിഴക്ക് ഭാഗത്താണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. പദ്ധതിക്കായി കല്ലടയാറ്റിൽ നിന്ന് വൻതോതിൽ ജലം പമ്പ് ചെയ്തെടുക്കുമ്പോൾ സമീപ പ്രദേശത്തെ കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരളാനാണ് സാദ്ധ്യത. വേനൽ തുടങ്ങുംമുമ്പേ ജലക്ഷാമം രൂക്ഷമാകുന്ന കുന്നത്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലകളായ ഐവർകാല, ഞാങ്കടവ് പ്രദേശങ്ങൾ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അതിരൂക്ഷമായ ജലക്ഷാമത്തെയാകും നേരിടുക. ഇതിനുള്ള പ്രതിവിധി പദ്ധതിയിൽ കുന്നത്തൂരിനെ കൂടി ഉൾപ്പെടുത്തുകയെന്നതാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം ചേലൂർ കായലിൽ നിന്നുള്ള വെള്ളമാണ് പലപ്പോഴും കുടിവെള്ളമാക്കി വിതരണം ചെയ്യുന്നത്. മാത്രമല്ല ശുദ്ധീകരിക്കാത്ത മലിനജലമാണ് കുടിവെള്ളമെന്ന പേരിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ ശാസ്താംകോട്ടയിൽനിന്ന്‌ പ്രതിദിനം 14 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് കൊല്ലം കോർപ്പറേഷനിലേക്ക് വിതരണം ചെയ്യുന്നത്. കൊല്ലം കോർപ്പറേഷൻ, ചവറ, നീണ്ടകര എന്നിവിടങ്ങളിലേക്ക് മൊത്തത്തിൽ 20 ദശലക്ഷം ലിറ്ററാണ് പ്രതിദിന പമ്പിംഗ്. ഈ പ്രദേശങ്ങളിലും ഞാങ്കടവ് പദ്ധതിയിൽനിന്നുള്ള കുടിവെളളം എത്താനാണ് സാദ്ധ്യത.

ഞാങ്കടവ് കുടിവെള്ള പദ്ധതി

കൊല്ലം കോർപ്പറേഷനിലും കൊറ്റങ്കര പഞ്ചായത്തിലും കുടിവെളളം എത്തിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്താംകോട്ട തടാകത്തിൽനിന്നുള്ള അമിത പമ്പിംഗ് നിർത്തി തടാകത്തെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമൃത്, കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഞാങ്കടവ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. കോർപ്പറേഷൻ അമൃത് പദ്ധതിയിലുൾപ്പെടുത്തി 78.35 കോടിയാണ് ചെലവിടുക. ഞാങ്കടവിൽ കല്ലടയാറിന്റെ തീരത്ത് തടയണയും കിണറും നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ മൈനാഗപ്പള്ളി, തഴവ,തൊടിയൂർ,കുലശേഖരപുരം പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.

100 ദശലക്ഷം ലിറ്റർ കുടിവെള്ളം

പ്രതിദിനം നൂറ് ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ശേഷിയാണ് നിർദ്ദിഷ്ട ഞാങ്കടവ് പദ്ധതിക്കുള്ളത്.

ചെലവ്: 313 കോടി രൂപ

28 കിലോമീറ്ററോളം ദൂരത്തിൽ പൈപ്പുകൾ

28 കിലോമീറ്ററോളം ദൂരത്തിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇവിടെ നിന്ന്‌ പമ്പ് ചെയ്യുന്ന വെള്ളം പുന്തലത്താഴത്തിനു സമീപമുള്ള വസൂരിച്ചിറയിലെത്തിക്കും. ഇവിടെ സ്ഥാപിക്കുന്ന പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് ആനന്ദവല്ലീശ്വരത്ത്‌ നിലവിലുള്ള പ്രധാന ടാങ്കിലെത്തിച്ചായിരിക്കും വിതരണം. അതിനാൽ കോർപ്പറേഷനിൽ നിലവിലുള്ള പൈപ്പ് ലൈനുകൾ ഉപയോഗിക്കാനും കഴിയും. ശാസ്താംകോട്ടയിൽ നിന്നെത്തുന്ന കുടിവെള്ളം ഇവിടെ എത്തിച്ചാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. എന്നാൽ ഞാങ്കടവ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം തീരുമാനിച്ചിട്ടില്ല. പൈപ്പ് ലൈൻ കടന്നു പോകുന്ന റോഡുകളുടെ വികസനം കിഫ്ബിയിൽ ഉൾപ്പെടുത്തി വൈകാതെ ആരംഭിക്കുന്നതിനാലാണ് ദ്രുതഗതിയിൽ പൈപ്പിടുന്ന ജോലികൾക്ക് തുടക്കമായത്.