കൊല്ലം: അന്തരീക്ഷ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച 'വാട്ടർമേക്കർ" നിർമ്മാതാക്കൾ ഇനി കുടിവെള്ളം ഗ്ളാസ് ബോട്ടിലുകളിൽ എത്തിക്കും. പ്ളാസ്റ്റിക്ക് നിരോധിച്ച സാഹചര്യത്തിലാണ് ഇതിന് ശാശ്വത പരിഹാരവുമായി 'ഡ്രിങ്കിംഗ് വാട്ടർ ഇൻ ഗ്ളാസ് ബോട്ടിൽ" പദ്ധതിയുമായി കൊല്ലം ആസ്ഥാനമായ ഗ്രീൻഗേറ്റ് എന്റർപ്രൈസസ് വിപണിയിലെത്തുന്നത്.
പദ്ധതി പ്രകാരം ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വാട്ടർമേക്കർ മെഷീനും അന്താരാഷ്ട്ര നിലവാരമുള്ള 'ബ്രീസ്" ബ്രാൻഡ് ഗ്ളാസ് ബോട്ടിലുകളും പാക്കേജായി നൽകും. ഇതിലൂടെ സ്ഥാപനങ്ങൾക്ക് സ്വയം കുടിവെള്ളം ഉത്പാദിപ്പിക്കുകയും അത് ഗ്രീൻഗേറ്റ് നൽകുന്ന ബ്രീസ് ബ്രാൻഡിലുള്ള ഗ്ളാസ് കുപ്പികളിൽ ഉപഭോക്താക്കൾക്ക് നൽകാനുമാകുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സേതുസുന്ദർലാൽ പറഞ്ഞു.
പ്രതിദിനം 120, 250, 500, 1000 ലിറ്റർ വീതമുള്ള വാട്ടർമേക്കറുകൾ കൂടാതെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള അളവിലും വാട്ടർമേക്കറുകൾ ലഭ്യമാക്കും. ഗ്ളാസ് ബോട്ടിലുകളിൽ കുടിവെള്ളം നൽകുന്നതിനാൽ പ്ളാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കി, ഗ്രീൻഗേറ്റ് സാമൂഹിക പ്രതിബദ്ധതയും നിലനിറുത്തുന്നതായി സേതുസുന്ദർലാൽ പറഞ്ഞു.