പുത്തൂർ : കാരിക്കൽ കൊരണ്ടിക്കുഴിയിൽ സ്വകാര്യ മൊബൈൽ ടവർ നിർമ്മാണത്തിനെത്തിയവരെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ടവർനിർമ്മാണത്തിനായി അധികൃതരെത്തിയത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ കോടതിയിയെ സമീപിച്ചിരുന്നു. കോടതി ഇടപെടുന്നതുവരെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കണമെന്ന പൊലീസ് നിർദ്ദേശം അനുസരിച്ച് ടവർ നിർമ്മാണത്തിനെത്തിയവർ പിന്തിരിയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ധന്യകൃഷ്ണൻ , വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി. രാധാകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. മുമ്പും ഇവിടെ ടവർ നിർമ്മാണ നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു.