ക്വാർട്ടേഴ്സ് വളപ്പിൽ 80 പുതിയ ഫ്ലാറ്റുകൾ നിർമ്മിക്കും
കൊല്ലം: ജില്ലാ കോടതി സമുച്ചയ നിർമ്മാണത്തിന് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച ഫയൽ ധനവകുപ്പിന്റെ പരിഗണനയിലെത്തി. ധനകാര്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും പരിശോധിച്ച ഫയൽ വൈകാതെ റവന്യു വകുപ്പിന് കൈമാറും. എതിർപ്പുകളുയർന്നില്ലെങ്കിൽ അധികം താമസിക്കാതെ ഭൂമി കൈമാറിക്കൊണ്ടുള്ള തീരുമാനമുണ്ടാകും.
രണ്ട് പതിറ്റാണ്ടത്തെ ആവശ്യം
ഭൂമി കൈമാറ്റത്തിൽ തീരുമാനമുണ്ടായാൽ രണ്ട് പതിറ്റാണ്ടായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽ പലയിടത്തായുള്ള ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി ഒരുഭാഗത്ത് പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കാനും ശേഷിക്കുന്നിടത്ത് കോടതി സമുച്ചയം നിർമ്മിക്കാനുമാണ് ധാരണ. പരമാവധി സ്ഥലസൗകര്യം ഒരുക്കാൻ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള നഗരസഭയുടെ ഭൂമി കോടതി സമുച്ചയ നിർമ്മാണത്തിന് വിട്ടുനൽകാൻ തീരുമാനമായിട്ടുണ്ട്.
എട്ട് സമുച്ചയങ്ങളിലായി 80 ഫ്ളാറ്റുകൾ
ജീവനക്കാർക്കുള്ള പുതിയ ഫ്ലാറ്റുകളുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി വരികയാണ്. ഫ്ലാറ്റ് നിർമ്മാണത്തിന് ആദ്യ ഗഡുവായി കഴിഞ്ഞ ബഡ്ജറ്റിൽ 4 കോടി രൂപ അനുവദിച്ചിരുന്നു. ശേഷിക്കുന്ന തുക ഇത്തവണത്തെ ബഡ്ജറ്റിൽ അനുവദിക്കുമെന്നും പ്രതീക്ഷയുണ്ട്. എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽ നിലവിൽ 42 ചെറു ഫ്ലാറ്റുകളാണുള്ളത്. ഇവ പൊളിച്ചുനീക്കി എട്ട് സമുച്ചയങ്ങളിലായി 80 ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ആലോചന.
കളക്ടറേറ്റിനും ആശ്വാസം; വാടകയിനത്തിൽ ലക്ഷങ്ങളുടെ നഷ്ടം
കളക്ടറേറ്റിന്റെ വലിയൊരു ഭാഗത്തായി വിവിധ കോടതികൾ പ്രവർത്തിക്കുന്നതിനാൽ പല വകുപ്പുകളുടെയും ഓഫീസുകൾ ശ്വാസം മുട്ടുകയാണ്. രേഖകൾ സൂക്ഷിക്കാൻ പോയിട്ട് ജീവനക്കാർക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. ഇടം ലഭിക്കാത്തത്തിനാൽ പല വകുപ്പുകളുടെയും ജില്ലാ ഓഫീസുകൾ കളക്ടറേറ്റിന് പുറത്ത് വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വാടകയിനത്തിൽ പ്രതിമാസം ലക്ഷങ്ങളാണ് ഖജനാവിൽ നിന്ന് ചോരുന്നത്. കോടതികൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്നങ്ങൾക്കും പരിഹാരമാകും.
'' എൻ.ജി.ഒ ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയുടെ ഒരുഭാഗം കോടതിസമുച്ചയത്തിന് കൈമാറുന്നത് സംബന്ധിച്ച ഫയൽ റവന്യു വകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി ധനകാര്യ വകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഈ ഫയൽ റവന്യു വകുപ്പിൽ മടങ്ങിയെത്തുന്നതിന് പിന്നാലെ ഭൂമി കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒരു പക്ഷേ മന്ത്രിസഭയുടെ പരിഗണനയ്ക്കും വിട്ടേക്കും.''
എം. മുകേഷ് എം.എൽ.എ