അഞ്ചൽ: ഗവ. കരാറുകാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് ആൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ സംസ്ഥാനത്തെ മുഴുവൻ കരാറുകാരും 5 ന് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് നിയമസഭാ മാർച്ച് നടത്തും. തുടർന്ന് ടെന്റർ നടപടികളും ബഹിഷ്കരിക്കും. നാലായിരം കോടിരൂപ കരാറുകാർക്ക് കുടിശിക ഇനത്തിൽ ലഭിക്കാനുണ്ട്. സർക്കാരിന്റെ കരിനിയമങ്ങൾ മൂലം ഗവ. കരാറുകാരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ട്രഷറി നിയന്ത്രണം പിൻവലിക്കുക. നിലവിലെ ലൈസൻസ് കാലാവധി അഞ്ച് വർഷമാക്കുക. ഒരുകോടി രൂപ വരെയുളള പ്രവർത്തികൾക്ക് സർക്കാർ ടാർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ആൾകേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗൈനൈസിംഗ് സെക്രട്ടറി കെ. സോദരൻ, പുനലൂർ താലൂക്ക് കൺവീനർ വി.എൽ. അനിൽകുമാർ നെട്ടയം, ജില്ലാ ഓർഗൈനൈസിംഗ് സെക്രട്ടറി അനീഷ് അഗസ്ത്യക്കോട്, സുധീൻപിള്ള, എം.സി. റഹീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.