കരുനാഗപ്പള്ളി: റേഷൻ വിതരണ രംഗത്ത് പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകണമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഇ - പോസ് മെഷീൻ സ്ഥാപിച്ചതിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റേഷൻ വിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നത്. പൊതു വിതരണം കുറ്റമറ്റതാക്കുന്നതിനായി ഓരോ വർഷവും 1600 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. റേഷൻ വ്യാപാരികൾ 100 ശതമാനം ആത്മാർത്ഥമായി പ്രവർത്തിച്ചാൽ റേഷൻ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കളരിയ്ക്കൽ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുരേന്ദ്രൻ, കെ.ബി. ബിജു, എൻ. ഷിജീർ, കെ. പ്രമോദ്, വി. ശശിധരൻ, എൻ. മോഹനൻ, ആർ. സുകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി എം. വേണുഗോപാൽ സ്വാഗതവും എ.കെ. ആനന്ദ്കുമാർ നന്ദിയും പറഞ്ഞു. കവി സിയാദ് കാട്ടയ്യം പൊതു വിതരണ മേഖലയെ കുറിച്ച് തയ്യാറാക്കിയ കവിത ആലപിച്ചു.