കരുനാഗപ്പള്ളി: വായനയാണ് സമൂഹത്തിൽ പ്രതിഭകളെ സൃഷ്ടിക്കുന്നതെന്നും ഇതിൽ ഗ്രാമീണ ഗ്രന്ഥശാലകൾ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ അക്ഷരവെളിച്ചം പദ്ധതിയുടെ ആനുകൂല്യ സമർപ്പണം വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ശിവരാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. സുരേഷ് കുമാർ, ഗ്രന്ഥശാലാ സെക്രട്ടറി എൻ. ഉത്തമൻ, കെ. മഹേന്ദ്രദാസ്, ബി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരങ്ങളും എൻഡോവ്മെന്റുകളും എം.എൽ.എ വിതരണം ചെയ്തു.