thattamala
തട്ടാമല- പാലത്തറ ബൈപാസ് റോഡിന്റെ പുനരുദ്ധാരണം തട്ടാമലയിൽ നിന്ന് തുടക്കം കുറിച്ചപ്പോൾ. കൗൺസിലർ എസ്.ആർ ബിന്ദു സമീപം

 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

കൊല്ലം: മാസങ്ങളായി തകർന്ന് തരിപ്പണമായിക്കിടന്ന തട്ടാമല - പാലത്തറ ബൈപാസ്, പാലത്തറ ക്ഷേത്രത്തിന് പിന്നിൽ നിന്ന് തട്ടാമല ദേശീയപാതയിലെത്തുന്ന റോഡുകളുടെ നവീകരണം തുടങ്ങി. കോർപ്പറേഷന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ മേയർ വി. രാജേന്ദ്രബാബു അനുവദിച്ച 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ് റോഡുകളുടെ പുനരുദ്ധാരണം നടത്തുന്നത്.

പൂർണമായും തകർന്ന് വാഹനഗതാഗതം പോലും ദുസഹമായ നിലയിൽ കിടന്ന റോഡുകളുടെ നവീകരണം ഇപ്പോൾ ആരംഭിച്ചത് ഡിവിഷൻ കൗൺസിലർ എസ്.ആർ. ബിന്ദുവിന്റെ ശ്രമഫലമായാണ്. തകർന്നുകിടന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നിരവധി തവണ പ്രതിഷേധ സമരങ്ങളും നടന്നിരുന്നു.

 ദേശീയപാതാ അതോറിറ്റിയുടെ അനുമതിയും വേണം

ഫണ്ടനുവദിച്ച ശേഷം മൂന്ന് തവണ ടെണ്ടർ ചെയ്തിട്ടും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ലെന്ന് കൗൺസിലർ ബിന്ദു പറഞ്ഞു. തട്ടാമല - പാലത്തറ ബൈപാസ് റോഡ് ബൈപാസിൽ സന്ധിക്കുന്ന ഭാഗം കൂടി നന്നാക്കിയാൽ മാത്രമേ ഈ റോഡ് നവീകരിക്കുന്നതിന്റെ പൂർണ പ്രയോജനം ലഭിക്കുകയുള്ളു. ബൈപാസ് റോഡ് ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ അവരുടെ അനുമതി ലഭിക്കാതെ ഈഭാഗം നന്നാക്കാൻ കഴിയുകയില്ല.

 നിലവാരമുള്ള റോഡ് വരും

ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് ഉഴുതുമറിച്ചിട്ട റോഡുകളിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. വാഹനമുള്ളവർക്ക് റോഡിലിറക്കാനും കഴിയാത്ത സ്ഥിതിയാണ്. റോഡ് റോളർ ഉപയോഗിച്ച് എത്രയും വേഗം റോഡ് നിരപ്പാക്കി ഉറപ്പിക്കുമെന്നും വാഹനം ഓടാവുന്ന നിലയിലാക്കി നിലവാരമുള്ള നിലയിൽ റോഡുകളുടെ ടാറിംഗ് നടത്തുമെന്നും കൗൺസിലർ എസ്.ആർ. ബിന്ദു പറഞ്ഞു.