paravur
പരവൂരിൽ ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം നിലച്ച പൊതുടാപ്പ്

പരവൂർ: വേനൽ കടുത്തതോടെ പരവൂരിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിണറുകൾ വരളുകയും പൊതുടാപ്പുകളിലൂടെയുള്ള ജലവിതരണം മുടങ്ങുകയും ചെയ്തതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.

കെ.ഐ.പി കനാലിൽ നിന്നുള്ള ജലവിതരണം നടക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കനാലിലൂടെയുള്ള ജലവിതരണം ആരംഭിച്ചാൽ കിണറുകളിലെ ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിലാണ് അവർ. നാല് ഉപകനലുകളുള്ള പരവൂർ ഡിസ്‌ട്രിബ്യൂട്ടറിയിൽ ജലമെത്തുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും.

എന്നാൽ അധികൃതരുടെ അനാസ്ഥതകൾ മൂലമാണ് ജലക്ഷാമം ഇത്രയേറെ സങ്കീർണമായതെന്ന് പരവൂരുകാർ ആരോപിക്കുന്നു. പരവൂർ നഗരസഭയുടെ തെക്കുഭാഗത്തൂടെയും പൂതക്കുളം ഗ്രാമപഞ്ചായത്തിലൂടെയും കനാൽ കടന്നുപോകാത്തതിനാൽ ഇനി ഒരുപക്ഷേ കനാൽ തുറന്നാലും ഇവിടങ്ങളിൽ ഉള്ളവർക്ക് കുടിവെള്ളം കിട്ടാക്കനിയായി തന്നെ തുടരും.

 കർഷകർക്ക് വൻ നഷ്ടം

ജലസേചനം പാളിയത് പ്രദേശത്തെ ഒട്ടുമിക്ക കൃഷികളെയും സാരമായി ബാധിച്ചിരിക്കുകയാണ്. വാഴ, നെല്ല്, കുരുമുളക്, മരച്ചീനി തുടങ്ങിയവ കരിഞ്ഞുണങ്ങിയ നിലയിലാണ്. വിളവെടുപ്പ് സമയമായതിനാൽ ആയിരകണക്കിന് രൂപയുടെ നഷ്‌ടമാണ് കുരുമുളക് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

വേനൽ ദിനംപ്രതി രൂക്ഷമാകുന്നത് ക്ഷീര കർഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ആവശ്യത്തിന് ജലം കിട്ടാത്തതും പച്ചപ്പുല്ലിന്റെ കുറവും കാരണം പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ട്. കന്നുകാലികളുടെ രോഗഭീഷണിയും കർഷകരെ വലയ്ക്കുന്നുണ്ട്.

 ഉടൻ പരിഹാരം കാണണം

പരവൂർ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. പരവൂരിലെ റെയിൽവേ മേൽപ്പാലത്തിന് അടുത്ത് വരെ ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ എത്തിയിട്ടുണ്ട്. സാങ്കേതിക തടസം പറഞ്ഞാണ് നഗരഹൃദയമായ തോട്ടപ്പുറം, തെക്കുംഭാഗം എന്നിവിടങ്ങളിലേക്ക് ഇത് നീട്ടാത്തത്. കുറുമണ്ടൽ പ്രദേശത്തും പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ല. ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപമുള്ള റെയിൽവേ കലുങ്ങിന് അടിയിലൂടെയോ റെയിൽവേ സ്റ്റേഷനും ധർമ്മശാസ്താ ക്ഷേത്രത്തിനും ഇടയിലുള്ള കലുങ്ങിലൂടെയോ പൈപ്പ് ലൈൻ നഗരത്തിലേക്ക് നീട്ടണം.
ദിനേശ് മണി (ജനറൽ സെക്രട്ടറി, പരവൂർ മർച്ചന്റ്സ് അസോസിയേഷൻ)