vivaham
ഇരവിപുരം ശ്രീശരവണ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സമൂഹ വിവാഹത്തിൽ വിവാഹിതരായ ദമ്പതികൾക്കൊപ്പം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ആക്കാവിള സതീക്ക്, എം. നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ തുടങ്ങിയവർ സമീപം

കൊല്ലം: ആചാരങ്ങൾ നിലനിറുത്തുകയും അനാചാരങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇരവിപുരം ശ്രീശരവണ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനത്തിൽ ആക്കാവിള സതീക്ക് നിർമ്മിച്ച് നൽകിയ ഗുരുദേവ മന്ദിരത്തിന്റെയും പഞ്ചലോഹ ഗുരുദേവ വിഗ്രഹത്തിന്റെയും സമർപ്പണവും സമൂഹ വിവാഹം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉത്സവങ്ങൾക്ക് കരിമരുന്ന് കത്തിച്ചും കരിവീരനെ എഴുന്നെള്ളിച്ചും കലാപരിപാടികൾ നടത്തിയും ആഘോഷമാക്കുന്നതാണ് പൊതുവായ രീതി. അതിൽ നിന്ന് വ്യത്യസ്തമായി, മൂന്ന് പാവപ്പെട്ട യുവതികളെ വിവാഹം കഴിപ്പിക്കാൻ ശരവണ ക്ഷേത്ര ഭാരവാഹികൾ കാണിച്ച ഇച്ഛാശക്തി അഭിനന്ദനാർഹമാണ്. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ കാലോചിതമായി മാറണം.

'ഞാൻ 55 വർഷമായി പ്രസിഡന്റായിരിക്കുന്ന ക്ഷേത്രത്തിൽ കള്ളുകുടിച്ച് തുള്ളുന്നതും മൃഗങ്ങളെ കുരുതികൊടുക്കുന്നതുമായ ആചാരങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം നിറുത്തി. അതുകൊണ്ട് ഭഗവതിക്ക് ഒരു അപ്രീതിയുമുണ്ടായില്ല. എനിക്ക് ആയുസും ആരോഗ്യവും നൽകി ഭഗവതി അനുഗ്രഹിച്ചു. ഞാൻ തുടർച്ചയായി ആ ക്ഷേത്രത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. ഭഗവാന്റെ സമ്പത്ത് ദുരിതവും ദു:ഖവും അനുഭവിക്കുന്നവർക്ക് പങ്കിട്ട് നൽകിയപ്പോൾ ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവാഹം വർദ്ധിച്ചു. ക്ഷേത്രത്തിന്റെ വരുമാനവും ഉയർന്നു". വെള്ളാപ്പള്ളി പറഞ്ഞു.

സമ്പന്നർ ധർമ്മിഷ്ഠരാകണം. മുസ്ലിം സമുദായത്തിന്റെ വളർച്ചയുടെ കാരണം അവർ നൽകുന്ന സക്കാത്താണ്.

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ആക്കാവിള മുരാരി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾ സജീവമാകുമ്പോൾ ഗുരുദേവ ദർശനം ഉയർത്തിപ്പിടിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. മേയർ ഹണി ബഞ്ചമിൻ, എം. നൗഷാദ് എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, എ. യൂനുസ് കുഞ്ഞ്, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, തെക്കടം സുദർശനൻ, പ്രൊഫ. ഇ. മേരിദാസൻ, ആക്കാവിള സതീക്ക്, അശോക് കുമാർ, സന്തോഷ് കുമാർ തുടങ്ങിയവ‌ർ സംസാരിച്ചു.

 മൂന്ന് യുവതികൾക്ക് മാംഗല്യം

പൊതുസമ്മേളനത്തിന് ശേഷം ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ മൂന്ന് യുവതികളുടെ വിവാഹം നടന്നു. വിവാഹ ചെലവുകൾക്കായി യുവതികൾക്ക് ഒു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും ആക്കാവിള സതീക്ക് നേരത്തേ നൽകിരുന്നു. മൂന്ന് യുവതികൾക്കും തങ്ങളുടെ സ്ഥാപനത്തിൽ ജോലി നൽകുമെന്നും ആക്കാവിള സതീക്ക് പറഞ്ഞു.

 ക്ഷേത്രങ്ങളിൽ ചാതുർവർണ്യം

ചാതുർവർണ്യത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പോലും ജാതി മതിലുണ്ട്. പിന്നാക്കക്കാരനായ ഒരു ശാന്തിക്ക് ക്ഷേത്രത്തിൽ കയറി പൂജിക്കാൻ തനിക്ക് സുപ്രീം കോടതി വരെ പോകേണ്ടി വന്നു. ശാന്തി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചയാളെ ശ്രീകോവിലിൽ കയറി പൂജിക്കാൻ അനുവദിക്കില്ല. ഊട്ടുപുരയിൽ നിവേദ്യം തയ്യാറാക്കാൻ നിയോഗിച്ചിരിക്കുകയാണ്. പിന്നാക്കക്കാരൻ ഉണ്ടാക്കുന്ന നിവേദ്യം ഭഗവാന് കഴിക്കാം. പക്ഷേ പൂജിക്കാൻ പാടില്ല. ഇതിലെ അനൗചിത്യം മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.