കൊല്ലം: സർക്കാർ കോളേജുകളിൽ അസി.പ്രൊഫസർമാരെ നിയമിക്കാനുള്ള പി.എസ്.സി വിജ്ഞാപനത്തിലെ പ്രായപരിധി മാനദണ്ഡം നൂറു കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾ തകിടം മറിച്ചു. കുറഞ്ഞ പ്രായപരിധി സംബന്ധിച്ച് യു.ജി.സി വ്യവസ്ഥ ചെയ്യാത്ത മാനദണ്ഡമാണ് പി.എസ്.സി വിജ്ഞാപനത്തിലുള്ളത്. നിശ്ചിത യോഗ്യതയും ഉയർന്ന പ്രായപരിധിയും മാത്രമേ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ളൂ.
എന്നാൽ,പി.എസ്.സി കുറഞ്ഞ പ്രായപരിധി 22 എന്ന് ഉപാധിവച്ചതിനാൽ 1997 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം ലഭിച്ചത്. ഇതോടെ, 2019ൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 1997 ജനുവരി രണ്ടിനും മേയ് 31നും ഇടയിൽ ജനിച്ച വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമായി. ഡിസംബർ 11നായിരുന്നു വിജ്ഞാപനം. 27 വിഷയങ്ങളിലാണ് അദ്ധ്യാപകരെ നിയമിക്കുന്നത്.
55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യതയും മാത്രമുള്ളവർക്ക് അസി.പ്രൊഫസർ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസാന അവസരം ആയിരുന്നു കഴിഞ്ഞ വിജ്ഞാപനം. അതിനാൽ പുനർ വിജ്ഞാപനം നടത്തണമെന്ന ആവശ്യം ശക്തമാണ്.
2021 മുതൽ അസി.പ്രൊഫസർ തസ്‌തികയിലേക്ക് പി എച്ച്.ഡി നിർബന്ധമാക്കുകയാണ്. പെൻഷൻ പ്രായം ഒരു വർഷം ഉയർത്തിയതിനാൽ വിജ്ഞാപനങ്ങളുടെ ഉയർന്ന പ്രായപരിധിയും ഒരു വർഷം വർദ്ധിപ്പിച്ചിരുന്നു. പക്ഷേ, കോളേജ് അദ്ധ്യാപക നിയമനത്തിന് അത് നടപ്പാക്കാത്തതിനാൽ 41 വയസുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാകുന്നില്ല.
പി എച്ച്.ഡി നേടാൻ പരിമിതി
ആറോ ഏഴോ വർഷം കൂടുമ്പോൾ മാത്രമാണ് സർക്കാർ കോളേജുകളിലെ അസി.പ്രാെഫസർ തസ്‌തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിക്കുന്നത്. ഉദ്യോഗാർത്ഥികൾ അടുത്ത അവസരത്തിനായി ആറ് വർഷത്തിലേറെ കാത്തിരിക്കേണ്ടിവരുമെന്ന് മാത്രമല്ല, ഇവർക്കെല്ലാം പി എച്ച്.ഡി നേടാനായെന്നും വരില്ല. യു.ജി.സിയും സർവകലാശാലയും നിഷ്‌കർഷിക്കുന്ന യോഗ്യരായ ഗൈഡുകളുടെ സേവനം ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് കേരളത്തിൽ പി എച്ച്.ഡി ചെയ്യാൻ പരിമിതിയുണ്ട്. വിരമിച്ച അദ്ധ്യാപർക്ക് ഗൈഡാകാൻ അനുമതി നൽകുന്നില്ല. അതിനാൽ, ഓരോ വർഷവും ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങുന്നവരിൽ ഒരു ശതമാനത്തിന് പോലും പി എച്ച്.ഡി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.