temple

 ഉപയോഗിച്ച സ്വർണം ശുദ്ധം, സാമ്പത്തിക ക്രമക്കേടില്ല

കൊല്ലം: ശാസ്‌താംകോട്ട ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിലെ സ്വർണക്കൊടിമര നിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ ഇല്ലെന്നും ക്രമക്കേടുണ്ടെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കണമെന്നും വിജിലൻസ് റിപ്പോർട്ട്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കൊല്ലം വിജിലൻസ് ഡിവൈ.എസ്.പിയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കേസിൽ തുടർനടപടികൾ വേണ്ടെന്നാണ് വിജിലൻസ് നിലപാട്. കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് പ്രതിഷ്ഠ നടത്താൻ വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് കൊടിമരത്തിന്റെ നിറം മാറ്റത്തിന് കാരണം. കൊടിമരത്തിൽ ഉപയോഗിച്ച സ്വർണത്തിന്റെ ശുദ്ധതയിൽ കുറവ് സംഭവിച്ചിട്ടില്ല.

കൊടിമരം, നാലമ്പലം എന്നിവയുടെ നിർമ്മാണത്തിനായി ദേവസ്വം ബോർഡ് കൂപ്പൺ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതിലും ക്രമക്കേടുകൾ കണ്ടെത്താനായില്ല.

ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായിരുന്ന പെരുമുറ്റം രാധാകൃഷ്‌ണൻ, കെ.ആർ.അരവിന്ദാക്ഷൻ നായർ, വി.കെ.കേശവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണറായിരുന്ന പി.ആർ.അനിത, കരാറുകാരൻ ആർ.വെങ്കിടാചലം തുടങ്ങിയവർക്കെതിരെ ആയിരുന്നു കേസ്.

കൊടിമരം സ്വർണം പൂശാൻ 1.25 കോടി രൂപ പിരിച്ചെടുത്തെങ്കിലും മാറ്റ് കുറഞ്ഞ സ്വർണം പൂശിയതിനാൽ കൊടിമരത്തിൽ ക്ലാവ് പിടിച്ചെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ചതിൽ ബാക്കി വന്ന സ്വർണത്തിൽ നിന്നു ശേഖരിച്ച ഭാഗം കൊച്ചി ലീഗൽ മെട്രോളജി സെൻട്രൽ ലാബിലും തിരുവന്തപുരം എഫ്.എസ്.എല്ലിലും പരിശോധിച്ചപ്പോൾ ശുദ്ധ സ്വർണമാണെന്ന് ബോദ്ധ്യമായെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ നില നിൽക്കുന്നതല്ല.

റിപ്പോർട്ടിൽ പറയുന്നത്

#കൊടിമരത്തിൽ ഉപയോഗിച്ച സ്വർണത്തിന്റെ ശുദ്ധതയിൽ കുറവ് സംഭവിച്ചിട്ടില്ല.

#സ്വർണം പൂശാൻ 30 ദിവസം മുതൽ രണ്ട് മാസം വരെ സമയം വേണമെങ്കിലും 17 ദിവസം കൊണ്ടാണ് ഇവിടെ നിർമ്മാണം പൂർത്തീകരിച്ചത്.

# വേണ്ടത്ര ശ്രദ്ധ ചെലുത്താതെ സ്വർണപാളികൾ ഒട്ടിക്കുന്നതിന് ഉപയോഗിച്ച മെർക്കുറി ചൂടാക്കുകയോ ശരിയായ രീതിയിൽ പോളിഷിംഗ് നടത്താതിരിക്കുകയോ ചെയ്‌തതാണ് നിറഭേദത്തിന് കാരണം.

# തിരുവാഭരണ കമ്മിഷണറായിരുന്ന പി.ആർ.അനിതയുടെ കൃത്യവിലോപമാണ് കൊടിമര നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയതിന് ഇടയാക്കിയത്.

# കരാറുകാരൻ ആർ.വെങ്കിടാചലത്തിനും വീഴ്‌ച പറ്റി.

കേസിൽ തകർന്ന കൊടിമരം

# 2013 ഫെബ്രുവരിയിലാണ് 1.23 കോടി രൂപ ചെലവഴിച്ച് സ്വർണക്കൊടിമരം സ്ഥാപിച്ചത്.

#19 സ്വർണ പറകളാണ് ഉപയോഗിച്ചത്.

# 6 കിലോ തങ്കം വേണ്ടിവന്നു. അനുബന്ധ കാര്യങ്ങൾക്ക് 12 കിലോ വെള്ളിയും ഉപയോഗിച്ചു.

# ആറുമാസം കഴിഞ്ഞപ്പോൾ നിറവ്യത്യാസം കണ്ടു.

# 2015ൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു

# 2017ൽ വിജിലൻസ് അന്വേഷണം തുടങ്ങി. കൊടിമരത്തിലെ സ്വർണ പറകൾ മുഴുവൻ നീക്കം ചെയ്തു. ഓരോ സ്വർണ പറയിലെയും സ്വർണം മുറിച്ചെടുത്ത് രാസ പരിശോധനയ്ക്ക് അയച്ചു.

# ബാക്കി സ്വർണം ദേവസ്വം ബോർഡിന്റെ ലോക്കറിലേക്ക് മാറ്റി.

# അന്നു സ്ഥാപിച്ച തേക്കുമരം മാത്രം ‌ടാർപാളിനിൽ പൊതിഞ്ഞ് ക്ഷേത്രസന്നിധിയിൽ നിൽക്കുന്നു.

# ഉത്സവ വേളകളിൽ കവുങ്ങ് മരം നാട്ടിയാണ് കൊടിയേറ്റം നടത്തുന്നത്.