അഞ്ചാലുംമൂട്: പൊലീസ് സ്റ്റേഷൻ തൊട്ടടുത്തുണ്ടായിട്ടും അഞ്ചാലുംമൂട് ജംഗ്ഷന്റെ ഹൃദയഭാഗത്ത് തന്നെ പരസ്യമദ്യപാനവും മോഷണവും നിത്യസംഭവമാകുന്നു. കോർപ്പറേഷൻ വക ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് മദ്യപാനവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമുൾപ്പെടെ അരങ്ങേറുന്നത്. ഓഡിറ്റോറിയം ചുറ്റുമതിൽ കെട്ടി മറച്ചിരിക്കുന്നതിനാൽ ഇവയൊന്നും പുറത്തുള്ളവർ അറിയുന്നില്ലെന്ന് മാത്രം.
മോഷണം പതിവ്, കാമറകളും ഇല്ല
ഇരുചക്ര വാഹങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നതും ഇതേ സ്ഥലത്ത് തന്നെയാണ്. വാഹനങ്ങൾ പാർക്ക് ചെയ്ത് ദൂരസ്ഥലങ്ങളിൽ ജോലിക്കായി പോകുന്നവരുടെ വാഹനങ്ങളും ഇത്തരത്തിൽ മൈതാനത്ത് പാർക്ക് ചെയ്യുന്നുണ്ട്. ഇത്തരം വാഹനങ്ങളിൽ നിന്ന് ഹെൽമെറ്റ്, ബാഗുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള രേഖകൾ എന്നിവ മോഷണം പോകുന്ന സംഭവങ്ങൾ നിരവധിയാണ്. ഓഡിറ്റോറിയത്തിനുള്ളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാക്കളെ പിന്നീട് കണ്ടെത്താനും ബുദ്ധിമുട്ടാണ്.
പൊലീസ് സ്റ്റേഷൻ നൂറ് മീറ്റർ അകലെ
നൂറ് മീറ്ററിനപ്പുറം പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടും സഹായം ആവശ്യപ്പെട്ടാൽ പരാതി നൽകിയാൽ മാത്രം അന്വേഷിക്കുമെന്നാണ് പൊലീസിന്റെ മറുപടിയെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മിക്ക ദിവസങ്ങളിലും ഇതിന് സമീപത്തായി പൊലീസ് വാഹന പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെങ്കിലും ഓഡിറ്റോറിയം പരിശോധിച്ചാൽ ഇവിടെ നിത്യസംഭവമായ മോഷണവും പരസ്യമദ്യപാനവും നടത്തുന്നവരെ പിടികൂടാൻ സാധിക്കുമെന്നതിൽ സംശയമില്ല.
ഓഡിറ്റോറിയത്തിനുള്ളിൽ മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നവർ ഇവിടെ നിത്യകാഴ്ചയാണ്. ഇതേപ്പറ്റി പൊലീസിനെ അറിയിച്ചാൽ 'അവിടെ കിടക്കട്ടെ' എന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കെന്ന് നാട്ടുകാർ പറയുന്നു.