hockey

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. വ്യാഴാഴ്ചയാണ് ക്വാർട്ടർ ഫൈനലുകൾ. ആദ്യ ക്വാർട്ടർ ഫൈനലിൽ മദ്ധ്യപ്രദേശ് 'സായി'യെ നേരിടും.രണ്ടാം ക്വാർട്ടർ ഫൈനലിൽ മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. മൂന്നാം ക്വാർട്ടർ ഫൈനലിൽ ഹരിയാന ഹോക്കി ഒഡിഷയുമായി ഏ​റ്റുമുട്ടും. അവസാന ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയ്ക്ക് ഹോക്കി ജാർഖണ്ഡാണ് എതിരാളി.

പൂൾ ബിയിൽ ഹരിയാനയും സായിയും തമ്മിലുള്ള മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി. തുടക്കത്തിൽ തന്നെ മൂന്നു ഗോൾ നേടി വിറപ്പിച്ച ഹരിയാനയെ മൂന്നു ഗോൾ തിരിച്ചടിച്ച് 'സായി' സമനിലയിൽ കുരുക്കുകയായിരുന്നു.ഹരിയാനയ്ക്ക് വേണ്ടി ദീപിക രണ്ട് ഗോളുകളും അന്നു ഒരു ഗോളും നേടി. സായിക്ക് വേണ്ടി ബേതൻ ഡുങ് ഡുങ് രണ്ട് ഗോളുകളും ഗായത്രി കിസ്സാൻ ഒരു ഗോളും നേടി. മത്സരം സമനിലയായെങ്കിലും ഒളിമ്പ്യൻ പൂനം റാണി മാലിക്ക് ക്യാപ്ടനായ ഹരിയാന ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ പൂൾ ബിയിൽ നിന്ന് ഒന്നാംസ്ഥാനക്കാരായി ക്വാർട്ടറിലെത്തി.

ഹോക്കി ഹിമാചലിനെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തകർത്ത് മദ്ധ്യപ്രദേശ് പൂൾ എ ജേതാക്കളായി ക്വാർട്ടർ യോഗ്യത നേടി. മദ്ധ്യപ്രദേശിനായി കരിഷ്മ സിംഗ് രണ്ട് ഗോൾ നേടി. ഇതോടെ ടൂർണമെന്റിലെ മികച്ച ഗോൾ നേട്ടക്കാരികളിൽ ആകെ ഏഴ് ഗോളുകളുമായി കരിഷ്മ ഒന്നാം സ്ഥാനം നിലനിർത്തി. ആകാൻഷ സിംഗ്, മനീഷ ചൗഹാൻ എന്നിവരാണ് മദ്ധ്യപ്രദേശിന്റെ ഗോൾ സ്‌കോറർമാർ. പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമെങ്കിലും ഗോൾ ശരാശരിയിൽ ഒഡിഷയെ പിന്നിലാക്കിയാണ് കേരളം ഉൾപ്പെട്ട പൂൾ എയിൽ നിന്ന് മദ്ധ്യപ്രദേശ് ക്വാർട്ടറിൽ ഇടം നേടിയത്.

പൂൾ സിയിലെ നിർണായക മത്സരത്തിൽ ഹോക്കി യൂണി​റ്റ് ഓഫ് തമിഴ്നാടിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പഞ്ചാബ് ക്വാർട്ടറിൽ പ്രവേശിച്ചു. പൂൾ സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പഞ്ചാബിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശം.

ടൂർണമെന്റിലെ സെമിഫൈനൽ മത്സരങ്ങൾ ഈ മാസം 8ന് നടക്കും. 9 നാണ് ലൂസേഴ്സ് ഫൈനലും ഫൈനലും.