ചുവരെഴുത്ത് കലാകാരന്മാരുടെ യോഗം 13ന്
കൊല്ലം: നഗരത്തിലെ പൊതുചുവരുകൾ ശുചിത്വവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കാൻ നഗരസഭ. നഗരത്തിലെ ചിത്രകാരന്മാരുടെയും ചിത്രകലാ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.
സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, നഗരസഭയുടെ വിവിധ ഓഫീസുകൾ, വിട്ടുകിട്ടിയ സ്ഥാപനങ്ങൾ എന്നിവയുടെ ചുവരുകളിലാകും ചിത്രങ്ങൾ വരയ്ക്കുക. ചിത്രങ്ങൾക്കൊപ്പം ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളുമുണ്ടാകും.
ഒഴിഞ്ഞു കിടക്കുന്ന ചുവരുകളുടെ വിവരം ശേഖരിക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകി. ചിത്രം വരയ്ക്കാനുള്ള ബ്രഷും ചായവും നഗരസഭ വാങ്ങി നൽകും. ചിത്രരചന കലാകാരന്മാർ സേവനമായി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ചുവരെഴുത്ത് കലാകാരന്മാരുടെ യോഗം ഈമാസം 13ന് വൈകിട്ട് 4ന് കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ ചേരും.
കിച്ചൻ ബിന്നിനായി ഗൃഹസന്ദർശനം
ബിന്നിന് 180 രൂപ മാത്രം
അടുക്കള മാലിന്യം അടുക്കളയിൽ തന്നെ സംസ്കരിക്കുന്ന കിച്ചൻ ബിൻ പദ്ധതിയുടെ പ്രചരണാർത്ഥം കൗൺസിലർമാരും ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും. ഒരു നഗരസഭാ ഡിവിഷനിൽ 500 വീതം എന്ന കണക്കിൽ നഗരത്തിൽ 27500 കിച്ചൻ ബിന്നുകൾ നൽകാനായിരുന്നു നഗരസഭയുടെ പദ്ധതി. 1800 രൂപ വിലയുള്ള ബിന്നിന് സബ്സിഡി കഴിഞ്ഞ് 180 രൂപ നൽകിയാൽ മതി.
പക്ഷെ 1500 ൽ താഴെ ആളുകൾ മാത്രമാണ് അപേക്ഷിച്ചത്. ഈ സാഹചര്യത്തിലാണ് പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്താൻ ഗൃഹസന്ദർശനം നടത്തുന്നത്.