കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വി ഷേർലി അറിയിച്ചു. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 15 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മറിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. 211 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഡി.എം.ഒ യുടെ നേതൃത്വത്തിൽ രൂപീകരിച്ച 15 ടീമുകൾ എല്ലാ ദിവസവും സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തുവരുന്നു. ജില്ലാതലത്തിൽ വിവിധ ആരോഗ്യ ആരോഗ്യഇതര സർക്കാർ വകുപ്പുകൾ, നഴ്സിംഗ് സ്‌കൂൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരിശീലനം നൽകിക്കഴിഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാർഡ്തല പരിശീലനങ്ങൾ വരും ദിവസങ്ങളിൽ നടക്കും. ചൈനയിൽ നിന്ന് ജില്ലയിൽ എത്തിയവരിൽ ഇനിയും ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ പേര് വിവരങ്ങൾ രേഖപ്പെടുത്താത്തവർ ഉണ്ടെങ്കിൽ അവർ എത്രയും വേഗം റിപ്പോർട്ട് ചെയ്യണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ മെഡിക്കൽ ആഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.