കൊല്ലം: ഭാരതം വീണ്ടും വിശ്വവിജ്ഞാനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രമുഖ വേദാന്ത പണ്ഡിതനും, സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകനുമായ ശ്രീ എം പറഞ്ഞു.
ഒരിക്കൽകൂടി ലോകത്തിന്റെ നാനാഭാഗത്തു നിന്നും അറിവ് തേടി അനേകംപേർ ഇവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു. ചടയമംഗലം ജടായുപ്പാറ ശ്രീ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നൽകിയ പൗര സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് 20 വയസ്സുള്ളപ്പോഴാണ് ആദ്യമായി തന്റെ ഗുരുവായ മഹേശ്വർനാഥ് ബാബാജിയോടൊപ്പം അയോദ്ധ്യ സന്ദർശിക്കുന്നത്. അന്ന് അവിടെ രാം ലല്ല മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവിടെ പ്രണമിക്കാൻ ഗുരു പറഞ്ഞു. ഭാവിയിൽ അവിടെ ഒരു വലിയ രാമക്ഷേത്രം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ജടായുപ്പാറയും ലോകമാകെ ഖ്യാതി പരത്തുന്ന ശ്രീരാമ ക്ഷേത്രമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മിസോറാം ഗവർണറും ക്ഷേത്രം രക്ഷാധികാരിയുമായ കുമ്മനം രാജശേഖരൻ, മുൻ ഡി.ജി.പി ടി.പി സെൻകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ, ഹിന്ദു സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ശ്രീ എമ്മിനെ സ്വീകരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ജെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ഉണ്ണികൃഷ്ണൻ, കെ ശിവദാസൻ, എൻ രാമചന്ദ്രൻ നായർ, മഠത്തിൽ മോഹനൻപിള്ള, എൻ.ചന്ദ്രചൂഡൻ, ആർ എസ് ജയലാൽ തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെ, ജടായുപ്പാറയിൽ വച്ച് രാജീവ് അഞ്ചൽ ശ്രീ എമ്മിനെ സ്വീകരിച്ചു. തുടർന്ന്, ശ്രീ എം കോദണ്ഡ രാമക്ഷേത്രം സന്ദർശിച്ചു. അവസാനഘട്ട നിർമ്മാണ പ്രവർത്തനത്തിന്ന് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലിൽ ശില സ്ഥാപിച്ചു. തുടർന്ന് ശ്രീമഹാദേവ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രകവാടത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. 9ന് മൈസൂർ ദത്താത്രേയ പീഠം മഠാധിപതി ശ്രീ ശ്രീ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ക്ഷേത്രം സന്ദർശിക്കും.