കരുനാഗപ്പള്ളി: ദേശീയപാതയോരത്ത് കച്ചവടത്തിനായിവച്ചിരുന്ന പഴകിയതും മായം കലർത്തിയിരുന്നതുമായ മത്സ്യം പിടിച്ചെടുത്തുനശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുള്ളിമാൻ ജംഗ്ഷന് സമീപത്ത് പെട്ടി ഓട്ടോയിൽ നിന്ന് അഴുകിയതും ഫോർമാലിൻ കലർത്തിയതുമായ 35 കിലോയോളം മത്സ്യം പിടിച്ചെടുത്തത്.
മത്സ്യം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് മത്സ്യം പിടിച്ചെടുത്തത്. ഇവിടെ തന്നെയുള്ള മറ്റൊരു മത്സ്യ കച്ചവട കേന്ദ്രത്തിലും പരിശോധന നടത്തിയെങ്കിലും അപാകതകൾ കണ്ടെത്തിയില്ല. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐമാരായ ഗിരീഷ്‌കുമാർ, ബിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.