കായംകുളം: സെക്യൂരിറ്റി ഡിപ്പോസിറ്റായി കരാറുകാരൻ നൽകിയ 2.5 ലക്ഷം രൂപ തിരികെ നൽകാൻ 50,000 രൂപ സ്വന്തം വീട്ടിൽ വച്ച് കൈക്കൂലിയായി വാങ്ങിയ കായംകുളം നഗരസഭയിലെ അസി. എൻജിനീയർ പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തിൽ പി. രഘുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് നഗരസഭ ചെയർമാൻ കത്ത് നൽകി. വിജിലൻസ് ആലപ്പുഴ ഡിവൈ.എസ്.പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ രഘുവിനെ അറസ്റ്റ് ചെയ്തത്.
നഗരസഭയിലെ കരാറുകാരനായ ഹുസൈൻ വള്ളിയിൽ വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഹുസൈൻ പണി പൂർത്തീകരിച്ച് ബില്ല് മാറിയ റോഡ്, ഓട വർക്കുകളുടെ സെക്യൂരിറ്റി തുകയായ രണ്ടര ലക്ഷം രൂപ തിരികെ വാങ്ങാനാണ് എൻജിനീയറെ സമീപിച്ചത്. എന്നാൽ പലകാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ച ഇയാൾ 83,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ 50,000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഇന്നലെ ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പണം വീട്ടിലെത്തിക്കണമെന്നായിരുന്നു നിർദ്ദേശം. ഈ വിവരങ്ങളെല്ലാം ഹുസൈൻ അപ്പപ്പോൾ വിജിലൻസിനെ അറിയിച്ചിരുന്നു. മൂന്നാഴ്ചയായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു. ഇന്നലെ രാവിലെ ഹുസൈനൊപ്പം നിർമ്മാണത്തൊഴിലാളിയായ അന്യസംസ്ഥാനക്കാരനും കൈലി വേഷധാരിയായ പൊലീസുകാരനും ഉണ്ടായിരുന്നു. ഫിനോഫ്തലിൻ പുരട്ടിയ നോട്ട് എൻജിനിയർ വാങ്ങിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. തുടർന്ന് വീട്ടിലും നഗരസഭ ഓഫീസിലും റെയ്ഡ് നടത്തി പരിശോധനയ്ക്കായി ഫയലുകൾ പിടിച്ചെടുത്തു. രഘുവിനെ വൈദ്യപരിധോധനയ്ക്ക് ശേഷം കോട്ടയം വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കോടതിയിൽ ഹാജരാക്കി.