health

വിശദമായ ശാരീരിക പരിശോധനകളിലൂടെയും മറ്റ് ചില സ്പെഷ്യൽ പരിശോധനകളിലൂടെയും രോഗം നിർണയിക്കാം.

നെഞ്ചിന്റെ പ്രത്യേക രൂപം,​ കഴുത്തിലെ പേശികളുടെ നിഴലിപ്പ്,​ ശ്വാസം വലിക്കുമ്പോൾ നെഞ്ചിൻകൂട് ഉള്ളിലേക്ക് വലിയുക, ശ്വാസം പുറത്ത് വിടാനുള്ള പ്രയാസം എന്നിവ ശാരീരിക പരിശോധനകളിലൂടെ വ്യക്തമാകും. കൈകാലിലെ നീലനിറം , കാലിലെ നീര്, ഹൃദയശബ്ദത്തിലെ വ്യതിയാനം, നെഞ്ചിലെ വെള്ളം കെട്ടൽ, മുന്നോട്ട് കുനഞ്ഞിരുന്ന് ശ്വാസം വിടൽ, ചുണ്ട് പ്രത്യേകസ്ഥിതിയിൽ വച്ച് ശ്വാസം വിടൽ എന്നിവ രോഗ കാഠിന്യം വ്യക്തമാക്കുന്നു.

രോഗം ഉറപ്പാക്കാൻ ചില ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം. രക്തപരിശോധന, സ്പൈറോമെട്രി (പി.എഫ്.ടി), നെഞ്ചിന്റെ എക്സറേ തുടങ്ങിയവ എല്ലാ രോഗികൾക്കും ആവശ്യമാണ്. സിടി സ്‌കാൻ, രക്തത്തിലെ ഓക്സി‌ജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും പരിശോധന, ഇ.സി.ജി, കഫം കൾച്ചർ, ആസ്മയ്‌ക്കുള്ള മരുന്നുകളോടുള്ള പ്രവർത്തനം, വ്യായാമ പരിശോധന എന്നീ ടെസ്‌റ്റുകൾ അധികമായി വന്നേക്കാം. ശ്വാസകോശത്തിന്റെ പ്രവർത്തന ശേഷി നിർണയിക്കുന്ന സ്‌പൈറോ മെട്രി അഥവാ പൾമണറി ഫംഗ്ഷൻ ടെസ്‌റ്റിംഗാണ് ഏറ്റവും പ്രയോജനപ്പെടുന്ന പരിശോധന.

ചികിത്സ

പുകവലിയും മറ്റ് പൊടികളും പുകയും പൂർണമായും ഒഴിവാക്കുകയും ശുദ്ധവായു ശ്വസിക്കാൻ അവസരമുണ്ടാക്കുകയുമാണ് ചികിത്സയുടെ ആദ്യപടി. ആന്റി കോളിനർജിക് എന്ന വിഭാഗത്തിൽപ്പെടുന്ന ശ്വാസനാളികൾ വികസിക്കുന്ന മരുന്നുകളാണ് ചികിത്സയുടെ ആണിക്കല്ല്. ഇതോടൊപ്പം ബീറ്റാ ടു അഗസിസ്സ് വരുന്നു. വായിലേക്ക് വാതകരൂപത്തിൽ നൽകുന്ന ഇൻഹേലർ രീതിയാണ് ഏറ്റവും അഭികാമ്യം. ഈ മരുന്നുകൾ നെബുലൈസർ വഴിയോ, വാതകരൂപത്തിൽ സ്‌പ്രേ ചെയ്യുന്ന ഇൻഹേലർ രീതിയിലോ, ഗുളിക പൊടിച്ച് വലിക്കുന്ന ഡ്രൈ പൗഡർ രൂപത്തിലോ നൽകാം. ഡോസും ആവർത്തിയും ഡോക്‌ടർ നിശ്ചയിക്കും. ഇൻഹേലർ മരുന്നകളോടൊപ്പം കഴിക്കുന്ന ഗുളികകളായ ബ്രോങ്കോഡയലേറ്ററുകളായ സാൽബ്യൂട്ടാമോൾ, ടെൻബ്യൂട്ടാലിൽ, തിയോഫിലിൽ, ആന്റിബയോട്ടിക്കുകൾ, സ്‌റ്റിറോയ്ഡുകൾ, മ്യൂക്കോലിറ്റുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വേണ്ടി വന്നേക്കാം. രോഗപാരമ്യതയിൽ ഓക്‌സിജൻ വേണ്ടിവരും.

വിവിധതരം കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണങ്ങൾ, ശസ്‌ത്രക്രിയകൾ, പുനരധിവാസ പദ്ധതികൾ എന്നിവയും പശ്ചാത്യരാജ്യങ്ങൾ ഇതിനായി ഉപയോഗിച്ചുവരുന്നുണ്ട്.