slaughter-house
അഷ്ടമുടിക്കായലിന്റെ തീരത്തെ നഗരസഭയുടെ അറവുശാല

 അമ്പത് ലക്ഷം കൂടി ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി

 കരാർ റദ്ദാക്കാനൊരുങ്ങി നഗരസഭ

കൊല്ലം: അഷ്ടമുടിക്കായലിന്റെ തീരത്ത് കോർപ്പറേഷൻ വക അറവുശാലയിൽ 26 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണ പരാജയം. അറവുശാല ആധുനികവത്കരിക്കാൻ സ്വകാര്യ ഏജൻസിയുമായുണ്ടാക്കിയ കരാർ റദ്ദാക്കുന്നതിനൊപ്പം നഷ്ടപരിഹാരവും ഈടാക്കുന്നത് സംബന്ധിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും. കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന ഖര, ദ്രാവക പദാർത്ഥങ്ങൾ വേർതിരിക്കാനുള്ള എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.

ഖരപദാർത്ഥങ്ങൾ വളമായും ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്നുമായിരുന്നു വാഗ്ദാനം. ആറ് മാസം മുമ്പ് പ്ലാന്റ് സ്ഥാപിച്ച് ട്രയൽ റൺ നടത്തിയപ്പോൾ തന്നെ കമ്പനിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞിരുന്നു. ഖര, ദ്രാവക പദാർത്ഥങ്ങൾ ഒരുമിച്ച് പുറത്തേക്കൊഴുകി. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പലതവണ ട്രയൽ റൺ നടത്തിയിട്ടും ഫലമുണ്ടായില്ല. പരാമ്പരാഗത രീതിയിൽ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെ രക്തവും മാലിന്യവും കലർന്ന ജലം തന്നെ പുറത്തേക്കിറങ്ങി. ഇതോടെയാണ് 50 ലക്ഷം രൂപയുടെ പുതിയ യന്ത്രം സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനവുമായി സ്വകാര്യ കമ്പനി നഗരസഭാ അധികൃതരെ സമീപിച്ചത്.

ഇത് സ്ഥാപിക്കണമെങ്കിൽ അറവുശാലയിലെ നിലവിലുള്ള കെട്ടിടത്തിന്റെ വലിയൊരു ഭാഗം പൊളിച്ചുനീക്കേണ്ടി വരും. വീണ്ടും പുനർനി‌ർമ്മിക്കാനും ലക്ഷങ്ങൾ വേണ്ടി വരും. ഇതോടെയാണ് കരാർ റദ്ദാക്കാനുള്ള നടപടികളിലേക്ക് നഗരസഭ നീങ്ങുന്നത്. ഓരോ തവണ ട്രയൽ റൺ പരാജയപ്പെടുമ്പോഴും തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ശരിയാകുമെന്നാണ് നഗരസഭാ അധികൃതർ പറഞ്ഞിരുന്നത്. പ്രദേശവാസികൾ മലിനീകരണ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമീച്ചതിനെ തുടർന്ന് 2018 ജൂലായിലാണ് കോടതി അറവുശാല പൂട്ടാൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് നഗരസഭ ആധുനിക സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

 50 ലക്ഷത്തിന്റെ അനുബന്ധ ചെലവുകൾ

26 ലക്ഷം രൂപയുടെ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനറേറ്റർ സ്ഥാപിക്കാനും കെട്ടിടത്തിന്റെ മിനുക്ക് പണികൾക്കുമായി അരക്കോടിയിലേറെ രൂപ നഗരസഭ വേറെ ചെലവാക്കിയിരുന്നു.

എഫ്ലുവന്റ് ട്രീറ്റ്മെന്റ് സ്ഥാപിക്കാൻ സ്വകാര്യ ഏജൻസിയുമായി ഉണ്ടാക്കിയ കരാർ അടുത്ത കൗൺസിൽ യോഗത്തിന്റെ അനുവാദത്തോടെ റദ്ദാക്കും. ശുചിത്വമിഷന്റെ അംഗീകൃത പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനമായതിനാൽ പ്ലാന്റിന്റെ പോരായ്മകൾ അവരുടെ ശ്രദ്ധയിലും പെടുത്തും.

പി.ജെ. രാജേന്ദ്രൻ

(നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)