ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനാണ് ഉത്തരവിട്ടത്
കൊല്ലം: കെ.എം.എം.എൽ പുറന്തള്ളുന്ന രാസമാലിന്യങ്ങളാൽ രോഗികളായ ചിറ്റൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് കമ്പനി ചികിത്സാസഹായം ഉറപ്പാക്കണമെന്ന പരാതിക്കാരുടെ ആവശ്യം അംഗീകരിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു. ഉടൻ നടപടി ആരംഭിക്കുമെന്ന് കെ.എം.എം.എല്ലിനെ പ്രതിനിധീകരിച്ചെത്തിയവർ ഉറപ്പ് നൽകി. ജില്ലാ ജഡ്‌ജി കൂടിയായ ചെയർമാൻ ചിറ്റൂർ ഗ്രാമം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് ബോദ്ധ്യപ്പെട്ടിരുന്നു. ചിറ്റൂർ ഗ്രാമവാസികളുടെ പുനരധിവാസം സംബന്ധിച്ച സർക്കാർ ഉത്തരവ് വ്യവസായ വകുപ്പ് സെക്രട്ടറി ചുമതലപ്പെടുത്തി എത്തിയ അണ്ടർ സെക്രട്ടറി വി.കെ. ജയശ്രീ വിശദീകരിച്ചു. പരാതി ഫയൽ ചെയ്‌ത പരിസ്ഥിതി സംഘടനാ ഭാരവാഹികളായ കെ.കരുണാകരൻപിള്ള , വി.കെ. സന്തോഷ് കുമാർ, ശൂരനാട് വർഗീസ്, മലിനീകരണ നിയന്ത്റണബോർഡ് റീജിയണൽ എൻജിനീയർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.