കൊല്ലം : കൊച്ചി കേന്ദ്രമാക്കിയുള്ള ക്യാപ്റ്റൻസ് ഇവന്റിന്റെ ആഭിമുഖ്യത്തിൽ 18 മുതൽ 25 വയസു വരെയുള്ള അവിവാഹിതരായ പെൺകുട്ടികളുടെ സൗന്ദര്യ മത്സരം "മിസ് പ്രിൻസസ് കേരള 2020" എന്ന പേരിൽ 12 മുതൽ 14 വരെ കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും കാമ്പസ് വഴിയും ഓൺലൈൻ വഴിയും അപേക്ഷിച്ചവരിൽ തിരഞ്ഞെടുക്കപ്പെട്ട 18 പേരുടെ അവസാന റൗണ്ട് മത്സരങ്ങളാണ് 12 മുതൽ നടക്കുന്നത്. 14ന് വൈകിട്ട് ആറിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ചലച്ചിത്ര സംവിധായകൻ അനിൽ രാധാകൃഷ്ണൻ, താരങ്ങളായ ബാല, ശ്വേതാമേനോൻ, രഞ്ജിനി ജോർജ്ജ്, കൽപന സുശീലൻ എന്നിവർ വിധികർത്താക്കളാകും. ഫ്യൂഷൻ, ഡാൻസ്, ഗസൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ഇവന്റ് എം.ഡി രാജേഷ് രാജ്, ഡയറക്ടർ അനൂപ്, രഞ്ജിനി ജോർജ്ജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.