കൊല്ലം: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസികൾക്ക് ആയിരം പൊതിച്ചോറുകളുമായി ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളെത്തി. അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾ രാവിലെ സ്‌കൂളിലെത്തിയത് രണ്ട് പൊതിച്ചോറുമായാണ്. എല്ലാ വിദ്യാർത്ഥികളും ഒരേതരം ഭക്ഷണപ്പൊതികളാണ് കൊണ്ടുവന്നതെന്ന പ്രത്യേകതയുമുണ്ട്.
ആശ്രയ കേന്ദ്രത്തിലേയ്ക്ക് കുട്ടികൾ സമാഹരിച്ച തുകയും സ്‌കൂൾ ചെയർമാൻ ഡി. പൊന്നച്ചൻ ആശ്രയ ഡയറക്ടർ കലയപുരം ജോസിന് കൈമാറി. കൂടാതെ അരി, പലവ്യഞ്ജനങ്ങൾ, മിഠായി, ബിസ്‌ക്കറ്റ്, തുണിത്തരങ്ങൾ എന്നിവയും കൈമാറി. അന്തേവാസികളോടൊപ്പം പാട്ടും നൃത്തവും ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ച് ഒപ്പം ഭക്ഷണവും കഴിച്ചാണ് കുട്ടികൾ പിരിഞ്ഞത്.