കൊല്ലം: കരിക്കോട് ഗവ. മഹിളാമന്ദിരത്തിലെ അന്തേവാസിയായ വി. ആരതിയുടെ വിവാഹം നാളെ രാവിലെ 9.45 കഴികെ 10.30നകമുള്ള മുഹൂർത്തത്തിൽ കൊല്ലംം ശാരദാമഠത്തിൽ നടക്കും. പുനലൂർ കുന്നിക്കോട് മാക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ എസ്. പ്രസന്നകുമാറിന്റെയും പരേതയായ കെ. രാധാമണിയുടെയും മകൻ സിജിൻ പി. കുമാർ ആണ് വരൻ.
വനിതാ ശിശു വികസന വകുപ്പിന്റെയും കൊല്ലം കോർപ്പറേഷന്റെയും കീഴിലാണ് കരിക്കോട് ഗവ. മഹിളാ മന്ദിരത്തിന്റെ പ്രവർത്തനം. സംരക്ഷിക്കുവാൻ മറ്റാരുമില്ലാതെയാണ് മൂന്ന് വർഷം മുമ്പ് ആരതി മഹിളാമന്ദിരത്തിൽ എത്തിയത്. ആരതിയുടെ വിവാഹത്തിന് കൊല്ലം ഹോട്ടൽ റെയിൽ വ്യൂ ആറ് പവൻ സ്വർണ്ണവും വിവാഹസദ്യയും നൽകും. മഹിളാമന്ദിരത്തിന്റെ വകയായി പെൺകുട്ടിക്ക് ഒരു ലക്ഷം രൂപയും നൽകും.
സംഘാടക സമിതി ഭാരവാഹികളായ മേയർ ഹണി ബെഞ്ചമിൻ, എം. മുകേഷ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. സുധീർ കുമാർ, കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി, മഹിളാമന്ദിരം സൂപ്രണ്ട് എ.എസ്. സിന്ധു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിൽ, ജെ. സുജനൻ എന്നിവർ നേതൃത്വം നൽകും.