നഷ്ടപ്പെട്ട പണം വീണ്ടെടുക്കുക പ്രയാസം
കൊല്ലം: ജില്ലയിലെ നാല് സ്കൂളുകളിൽ നിന്ന് ലക്ഷങ്ങൾ കവർന്ന സംഭവത്തിൽ പിടിയിലായ മോഷ്ടാക്കളെ നഗരത്തിലെ കവർച്ച നടത്തിയ ഇൻഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം എന്നീ സ്കൂളുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണത്തിന്റെ സൂത്രധാരൻ തമിഴ്നാട് തക്കല സ്വദേശി വിനോദ് (28), തിരുനൽവേലി സ്വദേശി മുത്തുകുമാർ എന്നിവരുമായാണ് കൊല്ലം വെസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
വിനോദും മുത്തുകുമാറും സ്കൂളുകളുടെ വാതിൽ തകർത്ത് കവർച്ച നടത്തിയത് പൊലീസിനോട് വിശദീകരിച്ചു. സ്കൂളുകളിൽ നിന്ന് മോഷണത്തിന്റെ തൊട്ടടുത്ത ദിവസം ലഭിച്ച വിരലടയാളങ്ങൾ ഇരുവരുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മോഷ്ടിക്കുന്ന പണമെല്ലാം കാമുകിമാരുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചിരുന്നത്. പക്ഷെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് വിനോദും മുത്തുകുമാറും ചേർന്നാണ്. അതുകൊണ്ട് തന്നെ നഷ്ടമായ പണം വീണ്ടെടുക്കുക പ്രയാസമാണ്.
വർഷങ്ങൾക്ക് മുമ്പ് വിനോദും മുത്തുകുമാറും കടലൂരിൽ പിടിയിലായപ്പോൾ ഇവരുടെ പക്കലുള്ള പണമെല്ലാം തമിഴ്നാട് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷമാണ് വിനോദ് മരിച്ചെന്ന പ്രചാരണം ഉണ്ടായത്. നഗരത്തിലെ സ്കൂളുകളിൽ നിന്ന് മോഷ്ടിച്ച രണ്ട് മോണിട്ടറുകൾ വിനോദിന്റെ കുറ്റാലത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം സെന്റ് അലോഷ്യസ് സ്കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
മോഷണം നടന്ന സ്കൂളുകൾക്ക് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഈ മാസം ഒന്നിനാണ് വിനോദ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. മോഷണത്തിൽ ഒപ്പമുണ്ടായിരുന്ന മുത്തുകുമാർ കൊലക്കേസിൽ തമിഴ്നാട്ടിൽ ജയിലിൽ കഴിയുകയായിരുന്നു. തെളിവെടുപ്പിനായാണ് കഴിഞ്ഞ ദിവസം മുത്തുകുമാറിനെ കസ്റ്റഡിയിൽ വാങ്ങിയത്.
ഇന്റർനെറ്റിലൂടെ വമ്പൻ സി.ബി.എസ്.ഇ സ്കൂളുകൾ കണ്ടെത്തി അഡ്മിഷൻ ദിവസങ്ങളിൽ മോഷണം നടത്തുന്നതാണ് ഇരുവരുടെയും രീതി. തമിഴ്നാട്ടിലെ തലയത്തെ സി.ബി.എസ്.ഇ സ്കൂളിൽ നിന്ന് ഇരുവരും ചേർന്ന് 30 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ട്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്. ഷൈൻ, ഡ്രേഡ് എസ്.ഐ സന്തോഷ്, സി.പി.ഒമാരായ അബു താഹിർ, ബാസ്റ്രിൻ, അനീഷ്, വനിത സി.പി.ഒ പ്രീതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.