jailed

അഞ്ചൽ: ഒരുകിലോ കഞ്ചാവുമായി യുവാവിനെ അഞ്ചൽ എക്സൈസ് സംഘം പിടികൂടി. കരവാളൂർ മണലിൽ സ്വദേശി അടൂർ എന്ന് വിളിക്കുന്ന സുനിൽ കുമാറാണ് (46) പിടിയിലായത്. കരവാളൂരിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്നും ഇതിന് വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരുമെന്നും എക്സൈസ് അറിയിച്ചു.

കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളിൽ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തിയതിന് 8ഓളം കേസുകൾ സുനിൽകുമാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സുനിൽ കുമാർ. എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ. ബേബി, പ്രിവന്റീവ് ഓഫീസർ ഷിബു പാപ്പച്ചൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എസ്. മനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.