corona
കൊറോണ ബാധയുമായി ബന്ധപ്പെട്ട് കൊല്ലം എസ്.എൻ വനിതാ കോളേജിൽ ആരോഗ്യ വകുപ്പധികൃതർ നടത്തിയ ബോധവത്ക്കരണ ക്ളാസ്

# പരിശോധനക്കയച്ച മൂന്നു സാമ്പിളുകളുടെയും ഫലം നെഗ​റ്റീവ്

# 195 പേർ വീടുകളിൽ നിരീക്ഷണത്തിൽ

കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് ദൈനംദിന പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ 15 ടീമുകൾ രൂപീകരിച്ചു. വിദേശികൾ സന്ദർശിക്കാനിടയുള്ള ഹോട്ടലുകൾ, സ്വകാര്യ റിസോർട്ടുകൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ ജില്ലാ ടീം സന്ദർശിക്കുകയും സുരക്ഷാ മാർഗ്ഗങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ജില്ലയിൽ നിന്ന് പരിശോധനക്കയച്ച മൂന്നു സാമ്പിളുകളുടെയും ഫലം നെഗ​റ്റീവ് ആണ്. ഇന്നലെ 11 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയിലാകെ 195 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 25 പേർ നിരീക്ഷണം പൂർത്തിയാക്കുകയും ചെയ്തു. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വിവിധ ഓഫീസുകൾ, സ്‌കുളുകൾ, സ്വകാര്യ ആശുപത്രികൾ, കോളേജുകൾ, തുടങ്ങിയിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും ജാഗ്രതാ നിർദ്ദേശങ്ങളും നൽകി. ഇതുവരെ വിദ്യാർഥികൾ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ തലങ്ങളിലുള്ള 7013 ഓളം ജീവനക്കാർക്ക് കൊറോണ വൈറസ് ബാധയെക്കുറിച്ച് പരിശീലനം നൽകി. കൊറോണ ജാഗ്രത പ്രതിജ്ഞ ജില്ലയിൽ മെഡിക്കൽ ആഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഏ​റ്റുചൊല്ലി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പഞ്ചായത്ത് ആഫീസുകളിലും സ്വകാര്യ ആശുപത്രികളിലും ഇന്ന് (വ്യാഴം) പ്രത്യേക അസംബ്ലി, യോഗം എന്നിവ ചേർന്ന് പ്രതിജ്ഞ ചൊല്ലാൻ നിർദ്ദേശം നൽകി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ചൈനയിൽ നിന്ന് ജില്ലയിൽ എത്തിയവരിൽ ഇനിയും ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ പേര് വിവരങ്ങൾ രേഖപ്പെടുത്താത്തവർ ഉണ്ടെങ്കിൽ അവർ എത്രയുംവേഗം റിപ്പോർട്ട് ചെയ്യണമെന്നും ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മെഡിക്കൽ ആഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ആഫീസർ ഡോ. വി. വി ഷേർലി അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 8589015556, 7306750040, 04742794004.