കുണ്ടറ: കുടിവെള്ള പൈപ്പ് കുഴിയിൽ വീണ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവതി ടിപ്പറിടിച്ച് മരിച്ച സംഭവത്തിൽ വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ പേരയം സ്കൂൾ ജംഗ്ഷനിൽ കൊല്ലം - തേനി ദേശീയപാതയും പള്ളിമുക്കിലെ ജലഅതോറിറ്റി ഓഫീസും ഉപരോധിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഉപരോധസമരത്തെ തുടർന്ന് ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കുടിവെള്ള പൈപ്പിന്റെ തകരാർ പരിഹരിക്കാനായി കുഴിയെടുത്ത മണ്ണ് റോഡിൽത്തന്നെ കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകൾ ഉൾപ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്ളും സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കുണ്ടറ സി.ഐ സി.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ സുരക്ഷാക്രമീകരണങ്ങൾ ഉടൻ തന്നെ സ്ഥാപിക്കാമെന്ന വ്യവസ്ഥയിൽ ഉപരോധസമരം ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം രമേശ് കുമാർ, പേരയം എൻ.എസ്.എസ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് കുണ്ടറ ജല അതോറിറ്റി ഓഫീസിൽ ഉപരോധ സമരം സംഘടിപ്പിച്ചത്. മുളവന സ്‌കൂൾ ജംഗ്ഷൻ മുതൽ പേരയം വരെ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.
എസ്.എൽ. സജികുമാർ, ജൂലിയറ്റ് നെൽസൺ, അനീഷ് പടപ്പക്കര, സ്റ്റാൻസി യേശുദാസൻ, ഗോപിലാൽ, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.