അഞ്ചൽ: അഞ്ചലിൽ കോഴിക്കട തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസാം സ്വദേശി ജലാലുദീനാണ് (20) കൊല്ലപ്പെട്ടത്. കുറ്റകൃത്യം ചെയ്ത അസാം സ്വദേശിയും ബന്ധുവുമായ അബ്ദുൽ അലി (19)കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 5.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ചൽ ചന്തമുക്കിന് സമീപം പ്രവർത്തിക്കുന്ന ഇറച്ചിക്കോഴി വില്പനശാലയിലെ തൊഴിലാളികളാണ് ഇവർ. തൊട്ടടുത്ത് തന്നെയുള്ള മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് താമസം,. കോഴിക്കട ഉടമയുടെ മറ്റൊരു കടയിലെ രണ്ട് തൊഴിലാളികളും ഇവരോടൊപ്പം ഇതേ മുറിയിലാണ് താമസം. ഇന്നലെ വെളുപ്പിന് ഇവർക്കൊപ്പമുണ്ടായിരുന്നവർ ബഹളം കേട്ട് ഉണർന്നപ്പോൾ ജലാലുദീൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത് ഇറച്ചിവെട്ടുന്ന കത്തിയുമായി അബ്ദുൽ അലി നില്ക്കുകയായിരുന്നു. അബ്ദുൽ അലി കത്തിയുമായി മറ്റ് രണ്ടുപേർക്ക് നേരെ തിരിഞ്ഞു. അവർ ഭയന്ന് പുറത്തേക്ക് ഓടി. കടയുടമയെ വിവരം അറിയിച്ചു. ഈ സമയം മുറിയിലെ ഗ്രില്ല് ഗേറ്റ് പൂട്ടിയ പ്രതി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവരം അറിഞ്ഞ് എത്തിയ അഞ്ചൽ സി.ഐ. സി.എൽ. സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാതിൽ പൊളിച്ച് അകത്തേയ്ക്ക് കയറി അബ്ദുൽ അലിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അബ്ദുൽ അലി ഓപ്പറേഷന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. ജലാലുദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൊബൈലിൽ സംസാരിക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. പ്രതി അബ്ദുൽ അലി മിക്കപ്പോഴും മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണെന്നാണ് കൂടെയുള്ളവർ പറയുന്നത്. കൊട്ടാരക്കര റൂറൽ എസ്.പി. ഹരിശങ്കർ, പുനലൂർ ഡിവൈ.എസ്.പി. അനിൽ ദാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു.