photo

കൊല്ലം: കുണ്ടറ നാന്തിരിക്കൽ സ്വദേശിനി ഷീലയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങുന്നില്ല. ഷീലയുടെ അമ്മ സ്റ്റാൻസിയും സഹോദരി ഷീനയും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആറ് മാസം മുൻപ് അടക്കം ചെയ്ത മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിട്ടും മരണകാരണം ഇനിയും കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടം നടത്തി ഒരു മാസത്തോടടുക്കുമ്പോഴും ഇതിന്റെ ഫലം വൈകുന്നതാണ് അന്വേഷണത്തിന് വിലങ്ങുതടിയാകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷീലയുടെ ബന്ധുക്കളും സംശയിക്കുന്നു.

പ്രണയം, വിവാഹം

കുണ്ടറ നാന്തിരിക്കലിലെ തീർത്തും സാധാരണ കുടുംബത്തിലെ നാല് മക്കളിൽ മൂത്തയാളായിരുന്നു ഷീല. നാന്തിരിക്കൽ ഷീബാഭവനത്തിൽ ആൻഡ്രൂസിന്റെയും സ്റ്റാൻസിയുടെയും മകൾ. ആൻഡ്രൂസിന് ബോട്ടിലാണ് ജോലി. ഇല്ലായ്മകൾക്കിടയിലും നാല് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തോടെയാണ് ജീവിച്ചുവന്നത്. അയൽ വീട്ടിൽ താമസിക്കുന്നത് ആൽബിയും സരോജവുമടങ്ങുന്ന കുടുംബം. ഇവരുടെ മകൻ സിംസണുമായി ഷീല അടുപ്പത്തിലായത് വീട്ടുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. ബന്ധം വളർന്നു, അതൊരു ഒളിച്ചോട്ടത്തിലെത്തി. സിംസണുമായി ഷീല പുതിയ ജീവിതം തുടങ്ങി. ഇവർക്ക് രണ്ട് മക്കളായതോടെ ബന്ധുക്കളെല്ലാം സഹകരിക്കാൻ തയ്യാറാവുകയും പള്ളിയിൽ വച്ച് ആചാരപ്രകാരമുള്ള മിന്നുകെട്ട് നടത്തുകയും ചെയ്തു. ഷീലയുടെ കുടുംബ വീട്ടിലാണ് അന്നുമുതൽ താമസിച്ചുവന്നത്. സ്നേഹമുള്ളവനാണ് സിംസണെന്ന് അന്നെല്ലാവരും പറയുമായിരുന്നു. പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ തുടങ്ങുകയായിരുന്നു ആ ചെറു കുടുംബം.

ഇറച്ചിവെട്ട് തൊഴിലായി സ്വീകരിച്ച സിംസണിന്റെ സാമ്പത്തിക വളർച്ച വളരെ പെട്ടെന്നായിരുന്നു. നാന്തിരിക്കലിൽ തന്നെ പുതിയ വീട് നിർമ്മിച്ച് (ഷിനു ഭവൻ) അവിടേക്ക് താമസം മാറി. അതോടെ വീട്ടിൽ അഭിപ്രായ ഭിന്നതകളും രൂപപ്പെട്ടു. മിക്കപ്പോഴും വീട്ടിൽ നിന്ന് ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽക്കാരും പറയുന്നു. ഷീലയും സിംസണും തമ്മിൽ വഴക്ക് കൂടുന്നതിന്റെ ബഹളങ്ങളായിരുന്നു അത്. പലപ്പോഴും അടികൊണ്ട് കരയുന്ന ഷീലയെ ആശ്വസിപ്പിച്ചിരുന്നത് അയൽക്കാരാണ്.

postmortam

മരണത്തിലെ ദുരൂഹത

2019 ജൂലായ് 29നാണ് ഷീലയെ അവശ നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തേക്ക് അവശയായി എത്തിയ ഷീല ഛർദ്ദിച്ചു. അയൽവാസിയോട് എന്നെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. സിംസണിനൊപ്പമാണ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയപ്പോൾ ഷീലയുടെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും മറ്റും രക്തം വന്നത് കാണാനിടയായി. ഇതെല്ലാം സംശയങ്ങൾക്ക് ഇടയാക്കി. എന്നാൽ, നെഞ്ചുവേദന വന്നതാണെന്നും അതിന്റെ ഭാഗമാണ് ഈ രക്തമെന്നും പലരും വിശ്വസിപ്പിച്ചു. പോസ്റ്റുമോർട്ടം വേണമെന്ന ആവശ്യത്തിന് വലിയ പ്രാധാന്യം ലഭിച്ചില്ല. ജൂലായ് 31ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. മരണശേഷം സിംസണിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ബന്ധുക്കൾക്ക് സംശയത്തിനിടയാക്കി. തൊട്ടടുത്ത ദിനത്തിൽ ബന്ധുവിന് സിംസൺ കമ്മൽ വാങ്ങി നൽകിയതും ഇതിന് ആക്കംകൂട്ടി. ഷീലയുടെ മാതാവ് സ്റ്റാൻസിയും അനിയത്തി ഷീനയും പൊലീസിനെ സമീപിച്ചത് അതോടെയാണ്.

കേസ് ക്രൈം ബ്രാഞ്ചിന്

കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ഷീന തന്റെ സംശയങ്ങൾ നിരത്തി പരാതി നൽകിയതോടെയാണ് കേസ് അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംശയമുള്ള കാര്യങ്ങളെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതിക്കാർക്ക് നേരെ ആക്രമണം

പരാതി നൽകിയതിന് ഷീനയുടെ കുടുംബത്തിന് നേർക്ക് പലതവണ ആക്രമണം നടന്നു. വീടിന്റെ ജനാലകൾ അടിച്ചുപൊട്ടിക്കുകയും ഷീനയെയും വീട്ടിലുള്ളവരെയും മർദ്ദിക്കുകയും ചെയ്തു. കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. റൂറൽ എസ്.പി ഇടപെട്ടതോടെ ഈ പരാതിയും ക്രൈംബ്രാഞ്ചിന് വിട്ടു.

ദുരൂഹത നീങ്ങുമോ?

ആറ് മാസം മുൻപ് നടന്ന ഷീലയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങുമോ? നാന്തിരിക്കലുകാർ പരസ്പരം ചോദിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ മരണ കാരണം വ്യക്തമാകും. വിഷം ഉള്ളിൽചെന്നാണ് മരിച്ചതെന്ന് തെളിഞ്ഞാൽ ഷീനയുടെയും അമ്മയുടെയും പരാതികളിൽ കഴമ്പുണ്ടെന്ന തരത്തിൽ അന്വേഷണം ഉണ്ടാവും. നെഞ്ചുവേദനയാണ് മരണ കാരണമെന്ന് വ്യക്തമായാൽ അന്വേഷണത്തിന് അവസാനവുമാകും.

''

കേസ് ഊർജ്ജിതമായി അന്വേഷിച്ചുവരികയാണ്. പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചാലെ മരണകാരണം വ്യക്തമാവൂ.

എ.അശോകൻ, ഡിവൈ.എസ്.പി,

ക്രൈംബ്രാഞ്ച്, കൊല്ലം റൂറൽ