esi

കൊല്ലം: നൂറു കണക്കിന് രോഗികളെ പ്രതിസന്ധിയിലാക്കി ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാൻസർ ചികിത്സ നിലച്ചു. ഓങ്കോളജിസ്റ്റിന്റെ കരാർ കാലാവധി അവസാനിച്ചതാണ് പ്രശ്നം. പുതിയ നിയമനത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല.

മൂന്നു വർഷം മുൻപാണ് ആശ്രാമം ഇ.എസ്.ഐയിൽ കാൻസർ ചികിത്സ തുടങ്ങിയത്. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന രോഗികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ മാസം 300 ഓളം രോഗികൾ ചികിത്സയ്ക്കെത്തുന്നുണ്ട്. കീമോതെറാപ്പിക്കുള്ള സൗകര്യവും ഇവിടെയുണ്ട്. ഇ.എസ്.ഐയുമായി ധാരണയുള്ള ആർ.സി.സിയിലോ തിരുവനന്തപുരത്തെ തന്നെ മറ്രൊരു സ്വകാര്യ ആശുപത്രിയിലോ റേഡിയേഷന് മാത്രം പോയാൽ മതിയായിരുന്നു.

കഴിഞ്ഞമാസം 31നാണ് ഓങ്കോളജിസ്റ്റിന്റെ കരാർ കാലാവധി അവസാനിച്ചത്. ഇതിന് മുൻപ് പുതിയ നിയമനത്തിനായി ഇ.എസ്.ഐ അധികൃതർ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല. ഇനി മാർച്ചിൽ മാത്രമേ വീണ്ടും അപേക്ഷ ക്ഷണിക്കുകയുള്ളു. ഓങ്കോളജിയിൽ വൈഗദ്ധ്യമുള്ളവർ വിരളമായതിനാലാണ് പുതിയ നിയമനം വൈകുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുതിയ നിയമനം നടക്കും വരെ താൽക്കാലിക സംവിധാനം ഒരുക്കാനും അധികൃതർ തയ്യാറാകുന്നില്ല. ഓങ്കോളജിസ്റ്റിന്റെ സ്ഥിരം തസ്തിക അനുവദിക്കുന്നതിന് ഏറെ നാൾ മുൻപേ ആശുപത്രി അധികൃതർ ഇ.എസ്.ഐ കോർപ്പറേഷന് ശുപാർശ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. ആശ്രാമം ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നവർ ആയിരക്കണക്കിന് രൂപ ചെലവാക്കിയാണ് ഇപ്പോൾ തിരുവനന്തപുരത്തെ ആശുപത്രികളിൽ പോകുന്നത്.

" എത്രയും വേഗം ഓങ്കോളജിസ്റ്റിനെ നിയമിച്ച് കാൻസർ ചികിത്സ പുനരാരംഭിക്കണം. ദീർഘദൂരം യാത്ര ചെയ്ത് രോഗികൾ ഇപ്പോൾ കൂടുതൽ അവശരാവുകയാണ്. ജനപ്രതിനിധികളുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.''

ആർ. സുരേഷ് ബാബു

(കാൻസർ ബാധിതൻ)

പ്രതിമാസം ചികിത്സ തേടുന്നവർ: 300

പ്രതിസന്ധി ഇങ്ങനെ

ഡോക്ടറുടെ കരാർ കാലാവധി കഴിഞ്ഞു

പുതിയ നിയമനം വൈകുന്നു

സ്ഥിര നിയമനത്തിന് നടപടിയില്ല

വിദഗ്ദ്ധർ കുറവെന്ന് അധികൃതർ

ചികിത്സ ആരംഭിച്ചത് മൂന്നു വർഷം മുമ്പ്

പ്രതിമാസം എത്തുന്ന രോഗികൾ 300