കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഹരിയാന, മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി, സായി, മഹാരാഷ്ട്ര എന്നീ ടീമുകൾ സെമിയിൽ കടന്നു. ഒഡീഷയെ 4-2 ന് തോൽപിച്ചാണ് ഹരിയാന സെമിയിലെത്തിയത്. അമൻദീപ് കൗർ, ദീപിക, അന്നു, ദേവിക സെൻ എന്നിവർ ഹരിയാനയുടെ ഗോളുകൾ നേടി. ദീപ്തി ലാക്രയുടെ വകയായിരുന്നു ഒഡീഷ നേടിയ രണ്ടു ഗോളുകളും.
മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി - സായി സെമിഫൈനലാണ് ആദ്യം നടക്കുക. ആവേശകരമായ രണ്ടാം ക്വാർട്ടറിൽ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ജ്യോതിപാൽ വിജയഗോൾ നേടി.നിശ്ചിതസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ മദ്ധ്യപ്രദേശിനെ കീഴടക്കിയാണ് സായി സെമിയിലെത്തിയത്.
മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി-സായി സെമി പോരാട്ടം എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കും ഹരിയാന - മഹാരാഷ്ട്ര മത്സരം വൈകിട്ട് 4നും നടക്കും. ടൂർണമെന്റിൽ നിലവിലെ വെങ്കല മെഡൽ ജേതാക്കളാണ് ഹരിയാന.
ചരിത്രത്തിലാദ്യമായാണ് സായി സെമിയിൽ കടക്കുന്നത്. ടൂർണമെന്റിലെ ഫൈനൽ മത്സരം 9 ന് നടക്കും.