പുനലൂർ:കല്ലടയാറ്റിലെ തൊളിക്കോട് കൊച്ചുവിള കടവിൽ മുങ്ങി മരിച്ച പുനലൂർ ശബരിഗിരി സീനിയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അതുൽ.എസ്.രാജിനും അനന്ദു കൃഷ്ണയ്ക്കും കണ്ണീരോടെ വിട.
സഹപാഠികളും അദ്ധ്യാപകരും അടക്കം സമൂഹത്തിലെ നാന തുറകളിൽപ്പെട്ട നൂറ് കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ ഉച്ചക്ക് 12ന് പോസ്റ്റ് മോർട്ടം നടത്തി. ബന്ധുക്കളും സ്കൂൾ അധികൃതരും ചേർന്ന് ഏറ്റുവാങ്ങി.
പുനലൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ സ്റ്റോർ കീപ്പറും ഇളമ്പൽ ആരംപുന്നയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന എസ്. രാജീവിന്റെ മകൻ അനന്തു കൃഷ്ണൻെറ ഭൗതീകശരീരം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമ്പടിയോടെ മാതാവ് കവിതയുടെ ജന്മസ്ഥലമായ കൊല്ലം പ്രാക്കുളത്തേക്ക് കൊണ്ടുപോയി. പുന്നല ഗോകുലത്തിൽ പി. സോമരാജന്റെ മകൻ അതുൽ.എസ്.രാജിൻെറ ഭൗതിക ശരീരം ഉച്ചക്ക് ഒരു മണിയോടെ ശബരിഗിരി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. നൂറ് കണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു. വിദ്യാർത്ഥിനികൾ അടക്കമുളള സഹപാഠികൾ ദുഃഖം താങ്ങാനാവാതെ നിലവിളക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ.ജയകുമാർ, ഭാര്യ സുല ജയകുമാർ, മറ്റ് അദ്ധ്യാപകർ എന്നിവർക്കു പുറമേ, നൂറുകണക്കിനാളുകളും പുഷ്പചക്രം സമർപ്പിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഭൗതിക ശരീരം പുന്നലയിലെ വസതിയിലേക്ക് കൊണ്ടുപോയത്. മാനേജ്മെന്റ് പ്രതിനിധികളും അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും അനുഗമിച്ചു.
ബുധനാഴ്ച വൈകിട്ട് 3നായിരുന്നു വിദ്യാർത്ഥികൾ വെളളത്തിൽ മുങ്ങി മരിച്ചത്. പത്താം ക്ലാസിലെ മോഡൽ പരീക്ഷ കഴിഞ്ഞു പുറത്തുപോയ വിദ്യാർത്ഥികൾ കുളിക്കടവിൽ എത്തി. തുടർന്ന് അതുലും അനന്തുവും ആറ്റിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്.