കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ നെല്ലറയായ മാരൂർത്താഴെ പാടശേഖരം നികത്തൽ ഭീഷണിയുടെ നടുവിൽ. വർഷാവർഷം പാടത്തിന്റെ വിസ്തൃതി കുറഞ്ഞുവരികയാണ്. നെൽവയൽ സംരക്ഷണ നിയമത്തിന്റെ പച്ചയായ ലംഘനം നടത്തിയിട്ടും അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വർഷത്തിൽ രണ്ട് നെൽകൃഷിയും ഒരു എള്ള് കൃഷിയുമാണ് ഇവിടെ നടത്തിയിരുന്നത്. മുമ്പ് 24 ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന പാടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 8 ഏക്കറോളം നിലം നികത്തി കഴിഞ്ഞു.ശേഷിക്കുന്ന 16 ഏക്കറോളം നെൽ വയലും നികത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
വേനൽക്കാലത്ത് വയലിനോട് ചേർന്നുകിടക്കുന്ന പുരയിടങ്ങളിൽ മണ്ണ് ഇറക്കിയിടും. രാത്രിയുടെ മറവിൽ ആരുടേയും ശ്രദ്ധയിൽപെടാതെ ഇത് വയലിലേക്ക് തള്ളും. ഈ വർഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായി. നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യൂ ഉദ്യാേഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി പോയത് മാത്രമാണ് നടപടിയായി ഉണ്ടായത്.
നെൽക്കൃഷിയും കുറയുന്നു
കാൽ നൂറ്റാണ്ടിന് മുമ്പുവരെ പാടത്ത് നല്ലരീതിയിൽ കൃഷി നടത്തിയിരുന്നു. ടി.എസ് കനാലിൽ നിന്ന് ഉപ്പുവെള്ളം കയറി കൃഷി നശിക്കാൻ തുടങ്ങിയതും തൊഴിലാളികളെ ലഭിക്കാതെവന്നതുമാണ് കർഷകരെ പിന്തിരിപ്പിച്ചത്.
നിലവിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തും കൃഷി ഭവനും മുൻകൈയെടുത്ത് കുടുംബശ്രീ യൂണിറ്റുകളുടേയും പാടശേഖര സമിതിയുടേയും സഹായത്തോടെ നെൽക്കൃഷി പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നല്ല വിളവാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു.
...........................................
ഗ്രാമപഞ്ചായത്തിലെ നെൽപ്പാടങ്ങളെല്ലാം നികത്തൽ ഭീഷണിയിലാണ്. ഓരോ വർഷവും നികത്തലിന്റെ ആക്കം വർദ്ധിക്കുന്നു. റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയാലും ഇതിന് ശമനമില്ല. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കൃഷിയെ പ്രോത്സാഹിക്കുമ്പാഴാണ് ഒരറ്റത്തുകൂടി നിലം നികത്തുന്നത്. ഈ നില തുടർന്നാൽ നെൽപ്പാടം പൂർണ്ണമായും ഇല്ലാതാകും. നിലവിലുള്ള നെൽപ്പാടം പൂർണ്ണമായും അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.
രാജീവ് ഉണ്ണി, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കുലശേഖരപുരം