പുനലൂർ: കല്ലടയാറ്റിലെ കുളിക്കടവുകളിൽ അപകട സൂചനാബോർഡുകൾ സ്ഥാപിക്കാത്തതിനാൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം പുനലൂർ തൊളിക്കോട് കൊച്ചുവിള കടവിൽ കുളിക്കാനിറങ്ങിയ പത്താംക്ളാസ് വിദ്യാർത്ഥികളായ അതുൽ എസ്.രാജും അനന്ദുകൃഷ്ണനും മുങ്ങിമരിച്ചതാണ് അവസാനത്തെ സംഭവം. ആറ്റിലെ കുഴികൾ തിരിച്ചറിയാനാകാതെ വെള്ളത്തിലിറങ്ങിയതായിരുന്നു അപകടകാരണം. കഴിഞ്ഞ വർഷവും ഈ കടവിൽ കുളിക്കാൻ ഇറങ്ങിയ തൊളിക്കോട് തലയാംകുളം സ്വദേശികളായ രണ്ടുപേർ മരിച്ചിരുന്നു.
കല്ലടയാറ്റിലെ നെല്ലിപ്പള്ളിക്ക് സമീപത്തെ മുക്കടവ്, പുനലൂർ സ്നാനഘട്ടം, മൂഹൂർത്തിക്കാവ്, വട്ടപ്പട, കൊച്ചാംമൂട്, അറുപതുപറ, തുമ്പിക്കുന്നം, ആയിരനെല്ലൂർ ആറ്റുകടവ്, ഉറുകുന്ന് കോളനി കടവ്, ഉറുകുന്ന് ലൂർദ്മാത പള്ളിക്ക് സമീപത്തെ കടവ് അടക്കമുള്ള സ്ഥലങ്ങളിലെല്ലാം അപകടം പതിയിരിക്കുന്നുണ്ട്. ഇവിടങ്ങളിലും അപായ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
ലൂർദ് മാത പള്ളിക്ക് സമീപത്തെ കടവിൽ കഴിഞ്ഞമാസം തലച്ചിറ സ്വദേശി മരിച്ചതടക്കം മൂന്ന് മരണങ്ങൾ നടന്നിട്ടുണ്ട്. ഒറ്റക്കൽ പറക്കടവിലെ കുളിക്കടവിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു ഡസനോളം മരണവും സംഭവിച്ചു. ഇവിടെയും വില്ലനായത് അപായ സൂചന ഇല്ലാതിരുന്നതാണ്.
ബോർഡുകൾക്ക് പുല്ലുവില
ഒറ്റക്കൽ പാറക്കടവിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം പ്രതിഷേധവുമായി എത്തിയതോടെ കെ.ഐ.പി അധികൃതർ ഇതിനുള്ള നടപടി സ്വീകരിച്ചു. ഇത് വകവയ്ക്കാതെകുളിക്കാനിറങ്ങിയതോടെ വീണ്ടും അപകടമരണം ഉണ്ടായി. ഇതോടെ ആറ്റുതീരത്ത് കെ.ഐ.പി ഇരുമ്പ് വേലികൾ സ്ഥാപിച്ചു.
എന്നാൽ ഇതിന്റെ വാതിൽ തുറന്നുകിടക്കുന്നതിനാൽ ഇപ്പോഴും ആളുകൾ കുളിക്കാനിറങ്ങുന്നുണ്ട്. എന്നിട്ടും ഗേറ്റ് പൂട്ടിയിടാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആരോപണം. അപകടം പതിയിരിക്കുന്ന കുളിക്കടവുകളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം ഒരു വാച്ചറെ കൂടി നിയമിച്ചാൽ അപകട മരണങ്ങൾ തടയാൻ കഴിയുമെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇവ അപകടസാദ്ധ്യതാ മേഖലകൾ
നെല്ലിപ്പള്ളിക്ക് സമീപത്തെ മുക്കടവ്
പുനലൂർ സ്നാനഘട്ടം
മൂഹൂർത്തിക്കാവ്
വട്ടപ്പട, കൊച്ചാംമൂട്
അറുപതുപറ, തുമ്പിക്കുന്നം
ആയിരനെല്ലൂർ ആറ്റുകടവ്
ഉറുകുന്ന് കോളനി കടവ്
ഉറുകുന്ന് ലൂർദ്മാത പള്ളിക്ക് സമീപത്തെ കടവ്