 
പരവൂർ: ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവർ നേതൃത്വം നൽകിയ കേന്ദ്ര സർക്കാരുകൾ ഇന്ത്യയിൽ സൃഷ്ടിച്ച സാമ്പത്തിക വികസന അടിത്തറ നരേന്ദ്ര മോദി സർക്കാർ തകർത്തെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. പൗരത്വ ബില്ലിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ പരവൂർ ബ്ലോക്ക് തല സമാപന സമ്മേളനം പാരിപ്പള്ളി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പിലാക്കിയതിലുള്ള അപാകതയും ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെയും ഇന്ത്യയുടെ സാമ്പത്തിക തകർച്ചയ്ക്ക് കേന്ദ്രസർക്കാർ ആക്കംകൂട്ടിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, നെടുങ്ങോലം രഘു, പരവൂർ എസ്. രമണൻ, എം. സുന്ദരേശൻ പിള്ള, എൻ. ഇയചന്ദ്രൻ, എ. ഷുഹൈബ്, പരവൂർ സജീബ്, എൻ. ഉണ്ണികൃഷ്ണൻ, എം.എ. സത്താർ, സജീവ് സജിഗത്തിൽ, സിമിലാൽ എന്നിവർ സംസാരിച്ചു. നെടുങ്ങോലം ജംഗ്ഷനിൽ നിന്ന് രാവിലെ ആരംഭിച്ച പദയാത്ര വൈകിട്ട് പാരിപ്പള്ളി ജംഗ്ഷനിൽ സമാപിച്ചു.