കൊല്ലം: കൊല്ലം ബീച്ചിലെ മണൽപ്പരപ്പിൽ കച്ചവടം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ നഗരസഭ സ്മാർട്ട് സ്ട്രീറ്റ് ഒരുക്കുന്നു. നഗരസഭാ അക്വേറിയത്തിന് പിന്നിലായാണ് കച്ചവടക്കാർക്ക് സൗകര്യം ഒരുക്കുന്നത്. കൊല്ലം ബീച്ചിൽ ആയിരക്കണക്കിന് പേരാണ് ഒരോ ദിവസവുമെത്തുന്നത്. സന്ദർശകർ ഇരിക്കുന്ന മണൽപ്പരപ്പിൽ തന്നെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് പല കച്ചവടക്കാരും ആഹാര പദാർത്ഥങ്ങൾ പാകം ചെയ്യുന്നത്. കച്ചവടക്കാർ കൂട്ടത്തോടെ മണൽപ്പരപ്പ് കൈയടക്കുന്നത് സന്ദർശകർക്ക് അസൗകര്യം ഉണ്ടാക്കുന്നതിനൊപ്പം ബീച്ചിന്റെ സ്വാഭാവിക ഭംഗിയും നശിക്കും.
കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. മണൽപ്പരപ്പിന് പുറത്തേക്ക് മാറിയാൽ കച്ചവടം നടക്കില്ലെന്നാണ് കച്ചവടക്കാരുടെ ആശങ്ക. ഈ സാഹചര്യത്തിലാണ് ബീച്ചിലെത്തുന്നവരെ ആകർഷിക്കുന്ന തരത്തിൽ സ്മാർട്ട് സ്ട്രീറ്റ് ഒരുക്കുന്നത്. ബീച്ചിൽ 45 കച്ചവടക്കാരുണ്ടെന്നാണ് നഗരസഭയുടെ ഔദ്യോഗിക കണക്ക്. തങ്ങളും കച്ചവടം നടത്തിയിരുന്നുവെന്ന അവകാശവാദവുമായി കൂടുതൽ പേർ രംഗത്തെത്തിയതോടെ 55 പേർക്ക് സ്മാർട്ട് സ്ട്രീറ്റിൽ കച്ചവട സൗകര്യം ഒരുക്കാനാണ് നഗരസഭയുടെ ആലോചന. ബങ്കുകൾ അടക്കം സ്ഥാപിക്കാനുള്ള ചെലവ് പൂർണമായും നഗരസഭ വഹിക്കും. ഉടമസ്ഥരിൽ നിന്ന് നിശ്ചിത തുക മാസവാടകയായി ഈടാക്കും.
ബീച്ചിൽ 45 കച്ചവടക്കാരുണ്ടെന്നാണ് നഗരസഭയുടെ ഔദ്യോഗിക കണക്ക്
55 പേർക്ക് സ്മാർട്ട് സ്ട്രീറ്റിൽ കച്ചവട സൗകര്യം ഒരുക്കാനാണ് നഗരസഭയുടെ ആലോചന
സ്മാർട്ട് സ്ട്രീറ്റ്
സ്മാർട്ട് സ്ട്രീറ്റിലെ ബങ്കുകളെല്ലാം ഏകീകൃത രീതിയുലുള്ളതായിരിക്കും. മുഖാമുഖം നിൽക്കുന്ന ബങ്കുകൾക്കിടയിലൂടെ സഞ്ചരിക്കാൻ ഇന്റർലോക്ക് പാകിയ നടപ്പാത ഉണ്ടാകും. ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇരിപ്പിടങ്ങൾക്കൊപ്പം ആകർഷകമായ വെളിച്ച വിന്യാസവുമുണ്ടാകും. സ്മാർട്ട് സ്ട്രീറ്റിന്റെ രൂപരേഖ ഒരുമാസത്തിനുള്ളിൽ സ്വകാര്യ കൺസൾട്ടൻസി സമർപ്പിക്കും.