railway1

കൊല്ലം: കൊല്ലം സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കാൻ റെയിൽവേ മന്ത്രാലയം സാദ്ധ്യതാ പഠനം നടത്തുന്നു. ഒഴിഞ്ഞു കിടക്കുന്ന റെയിൽവേ ഭൂമി സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ ആവശ്യങ്ങൾക്ക് നൽകുമ്പോൾ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് പഠനം നടത്തുന്നത്.

സ്റ്റേഷനെ നഗരത്തിന്റെ വാണിജ്യഹൃദയമായി മാറ്റുന്ന തരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. മാളുകൾ, റസ്റ്റോറന്റുകൾ, തിയേറ്റർ തുടങ്ങിയവ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കും. ഇതിനാവശ്യമായ ഭൂമി പദ്ധതിയുമായി സഹകരിക്കുന്ന സംരംഭകർ കൂടി ഉൾപ്പെടുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് പാട്ടത്തിന് കൈമാറും. 99 വർഷത്തിൽ അധികരിക്കാതെ ചെലവിന്റെ അടിസ്ഥാനത്തിൽ പാട്ടക്കാലാവധി നിശ്ചയിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം റെയിൽവേയ്ക്കു തന്നെയായിരിക്കും. പാട്ടക്കാലവധി അവസാനിക്കുന്നതോടെ സ്വകാര്യ പങ്കാളിത്തോടെ നിർമ്മിച്ചവയെല്ലാം റെയിൽവേയുടെ സ്വന്തമാകും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ രൂപരേഖ തയ്യാറാക്കി ടെണ്ടറിലേക്ക് കടക്കും.

 യാത്രക്കാർക്കുള്ള സൗകര്യങ്ങൾ

# പാരമ്പര്യം പ്രതിഫലിക്കുന്ന തരത്തിൽ സ്റ്റേഷന്റെ നവീകരണം

# എക്സിക്യുട്ടീവ് ലോഞ്ചുകൾ,

# സെൽഫ് ടിക്കറ്റിംഗ് സംവിധാനം,

# എസ്കലേറ്ററുകൾ, എലിവേറ്ററുകൾ,

# പ്ലാറ്റ്ഫോമുകളിലേക്ക് എത്താനും മടങ്ങാനും പ്രത്യേക വഴികൾ,

# സി.സി ടി.വി കൺട്രോൾ റൂം സഹിതമുള്ള നീരിക്ഷണ സംവിധാനം.

# വാട്ടർ എ.ടി.എം, ബസ് കണക്ടിവിറ്റി, മാലിന്യ സംസ്കരണ സംവിധാനം

 പൊതുമേഖലയ്ക്കും പങ്കാളിയാകാം

സ്വകാര്യ സംരംഭകരപ്പോലെ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ടെണ്ടറിലൂടെയാകും പങ്കാളികളെ തിരഞ്ഞെടുക്കുക.

വാണിജ്യ സംരംഭങ്ങൾ

# മാളുകൾ

# റസ്റ്റോറന്റുകൾ

# തിയേറ്ററുകൾ

ഭൂമി ലഭ്യത

സ്റ്റേഷന് സ്വന്തമായുള്ളത്: 18.5 ഏക്കർ

വാണിജ്യ ആവശ്യത്തിന്

നൽകാൻ കഴിയുന്നത് : 8 ഏക്കർ

ചിന്നക്കട, തിരുവനന്തപുരം ഭാഗത്തേക്കുള്ള ദേശീയപാത, കൊല്ലം- കൊട്ടാരക്കര റോഡ്, രണ്ടാം ടെർമിനൽ, കർബല റോഡ് എന്നിവയോട് ചേർന്ന് വ്യാപിച്ചു കിടക്കുകയാണ് റെയിൽവേ ഭൂമി