പുനലൂർ: എസ്.എൻ.ഡി.പി യോഗം 3222-ാം നമ്പർ കാര്യറ ശാഖയിലെ ഗുരുക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സമ്മേളനവും നടന്നു. ഷാജി തന്ത്രിയുടെയും, വൈദീക ശ്രേഷ്ഠരുടെയും കാർമ്മികത്വത്തിൽ ശിവഗിരി മഠത്തിലെ സ്വാമിയും കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറിയുമായ സ്വാമി ധർമ്മചൈതന്യ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന ക്ഷേത്ര സമർപ്പണ സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ എൻ. സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ്ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, വാർഡ് അംഗം ശ്രീജാ രാജേന്ദ്രൻ, ശാഖാ സെക്രട്ടറി കെ. കലേശൻ, എൻ. മണി തുടങ്ങിയവർ സംസാരിച്ചു.