photo
കരുനാഗപ്പല്ലിയിലെ മുട്ടക്കോഴി വളർത്തൽ കേന്ദ്രം.

കരുനാഗപ്പള്ളി: ഇറച്ചിക്കോഴി വ്യവസായത്തിൽ നിന്ന് മുട്ടക്കോഴി വ്യവസായത്തിലേക്ക് ചുവടുമാറ്റി ജില്ലയിലെ കോഴി കർഷകർ. കേരളത്തിലെ ബ്രോയിലർ കോഴി വ്യവസായം നഷ്ടത്തിലായതിനാലാണ് ഈ നീക്കം.

തമിഴ്നാട്ടിലെ ബ്രോയിലർ കോഴി മുതലാളിമാർ കേരളത്തിലെ കോഴി വ്യവസായത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് പലരും മുട്ടക്കോഴി വ്യവസായത്തിലേക്ക് മാറുന്നത്.

ഒരു ദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്ന് ലഭിക്കുന്നത് 35 മുതൽ 40 വരെ രൂപയ്ക്കാണ്. 35 ദിവസം കഴിയുമ്പോഴാണ് ബ്രോയിലർ കേഴികൾ ഇറച്ചിക്കോഴികളായി മാറുന്നത്. 40 ദിവസം പ്രായമായ ഒരു ബ്രോയിലർ കോഴിക്ക് 90 രൂപയുടെ തീറ്റ വേണ്ടി വരും. 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1650 രൂപയാണ് വില. ഒരു കിലോ തൂക്കം വരുന്ന ബ്രോയിലർ കോഴിക്ക് 85 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ വ്യവസായം മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ. എന്നാൽ ഇത് പലപ്പോഴും ലഭിക്കാറില്ലെന്നാണ് കർഷകർ പറയുന്നത്.

വ്യവസായം പ്രതിസന്ധിയിൽ

കേരളത്തിലെ ബ്രോയിലർ കോഴി വ്യവസായത്തെ തകർക്കാനായി വിളവെടുപ്പ് സമയത്ത് തമിഴ്നാട്ടിൽ കോഴിയുടെ വില കുറയ്ക്കും. ഇതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ബ്രോയിലർ കോഴികൾ എത്തിത്തുടങ്ങും. ഇതാണ് കേരളത്തിലെ വ്യവസായം തകരാൻ കാരണം. ഇതോടെ പ്രായം എത്തിയ ബ്രോയിലർ കോഴികളെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലെ കർഷകർക്ക് തൂക്കി വിൽക്കേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഈ മേഖലയിൽ നിൽക്കുന്ന കർഷകർ മുട്ടക്കോഴി വ്യവസായത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുട്ടക്കോഴി വ്യവസായം

ബംഗളുരുവിലെ ഒസൂറിൽ നിന്നാണ് ഒരു ദിവസം പ്രായമായ മുട്ടക്കോഴികൾ കേരളത്തിലെത്തുന്നത്. ഒരു കോഴിക്ക് 45 രൂപയാണ് ഈടാക്കുന്നത്. ഒരു കിറ്റിൽ 64 കോഴിക്കുഞ്ഞുങ്ങൾ കാണും. 140 ദിവസം കഴിയുമ്പോൾ കോഴികൾ മുട്ടയിട്ട് തുടങ്ങും. തുടർച്ചയായി ഒന്നര വർഷം ഇവ മുട്ടയിടും. ഒരു മുട്ട 7 രൂപയ്ക്കാണ് വില്ക്കുന്നത്. നൂറുകോഴികളെ വളർത്തുന്ന ഒരു കർഷകന് എല്ലാ ചെലവും കഴിഞ്ഞ് ഒരു ദിവസം 400 രൂപ ലാഭം ലഭിക്കും. ഇതാണ് മുട്ടക്കോഴി വ്യവസായം പച്ചപിടിക്കാൻ കാരണം. ഇതോടൊപ്പം ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങളും കർഷകർക്ക് പ്രോത്സാഹനമാകുന്നുണ്ട്. ഇറച്ചിക്കോഴിയെ അപേക്ഷിച്ച് കൂടുതൽ ദിവസം ലാഭം കിട്ടുമെന്നുള്ളതും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള കോഴിത്തീറ്റയ്ക്ക് അമിത വിലയാണ് ഈടാക്കുന്നത്. അതിനാൽ ഗോതമ്പ് മുളപ്പിച്ചതും മത്സ്യവേസ്റ്റും ഇലകളും കോഴികൾക്ക് തീറ്റയായി നൽകിയാൽ ചെവവ് കുറയ്ക്കാം. കെ.ജി സിസ്റ്റത്തിൽ 100 കോഴികളെ വളർത്താൻ 140 സ്ക്വയർ ഫീറ്റ് സ്ഥലം മാത്രം മതിയെന്നിരിക്കെ തുറസായ സ്ഥലത്ത് കോഴി വളർത്തലിന് 200 സ്ക്വയർ ഫീറ്റ് സ്ഥലം വേണം. കെ.ജി സിസ്റ്റത്തിൽ 100 കോഴികളും വളർത്താനുള്ള കൂടുമായി 39000 രൂപയ്ക്ക് നൽകാൻ കഴിയും. സ്ത്രീകൾക്ക് വീട്ട് ജോലിക്കൊപ്പം ചെയ്യാൻ കഴിയുന്ന വ്യവസായമാണിത്.

സഫീർ ജനനി, കോഴി വ്യവസായി

ഇറച്ചിക്കോഴി വ്യവസായം......

ഇറച്ചിക്കോഴിക്കുഞ്ഞിന്റെ വില:35-40 രൂപ

വളർത്തേണ്ടി വരുന്നത്: 40 ദിവസം

ഒരുകോഴിക്കുള്ള ചെലവ്: 90 രൂപയോളം

ഒരുചാക്ക് കോഴിത്തീറ്റയ്ക്ക്: 1650 രൂപ

ഒരുകിലോവരുന്ന കോഴിക്ക് :85 രൂപ ലഭിക്കണം

മുട്ടക്കോഴി വ്യവസായം.......

ഒരു കോഴിക്കുഞ്ഞിന്റെ വില: 45 രൂപ

മുട്ട ലഭിക്കുന്നത്:140 ദിവസത്തിന് ശേഷം

100 കോഴിയെ വളർത്താൻ: 140 സ്ക്വയർ ഫീറ്റ് മാത്രം

ഒരു കോഴി ഒരുമാസം ഇടുന്നത്:25 മുട്ട

 ഒരു കോഴിയിൽ നിന്ന് പ്രതിവർഷം:300 മുട്ട